എന്നെ വിവാഹം കഴിക്കാമോ ?’ പ്രണയിനി ടാഷ് യങ് കാൻസറിന്റെ അവസാനഘട്ടത്തിലാണ് എന്നറിഞ്ഞതിനു പിന്നാലെ സൈമൺ അവളോട് ചോദിച്ചു. തുടർന്ന് ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരുമെന്ന് ഉറപ്പില്ലാത്ത ഒരു ഘട്ടത്തിൽ അവർ വിവാഹിതരായി. തന്റെ പ്രണയത്തിനു മുമ്പിൽ മാറാവ്യാധി കീഴടങ്ങിയാലോ എന്ന പ്രതീക്ഷയായിരുന്നു സൈമണിനെ നയിച്ചത്. എന്നാൽ ഒരു മാസം പിന്നിടും മുമ്പ് സൈമണിനെയും ടാഷിനയും വേർപിരിച്ച് മരണം കടന്നുവന്നു. ഇംഗ്ലണ്ടിലെ സതാംപ്ടനിൽ നിന്നുള്ള ഈ പ്രണയകഥ ഇപ്പോൾ ലോകമാകെ നൊമ്പരമായി മാറുകയാണ്.

2019 ഡിസംബറിലാണ് ടാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഒരു പെട്ടി ഉയർത്തുമ്പോൾ അനുഭവപ്പെട്ട കഠിനമായ വേദനയെത്തുടർന്നായിരുന്നു അത്. പരിശോധനയിൽ സ്പിൻഡിൽ സെൽ സർക്കോമ എന്ന കാൻസർ ആണെന്നു കണ്ടെത്തി. 25 കാരിയായ ടാഷ് ജീവിതത്തിന്റെ അവസാന ഘട്ടത്തിലെത്തിയെന്നും ചികിത്സകൊണ്ട് ഫലമില്ലെന്നും 2020 മേയിൽ ഡോക്ടർമാർ വിധിയെഴുതുമ്പോൾ പ്രിയതമൻ സൈമൺ തകർന്നു പോയി.

2019 ജൂലൈയിൽ ഡേറ്റിങ് ആപ്പിലൂടെ കണ്ടുമുട്ടിയ ഇരുവരും ആ ചുരുങ്ങിയ നാളുകൾകൊണ്ട് പിരിയാനാകാത്തവിധം സ്നേഹിച്ചിരുന്നു. വിവാഹവും മധുവിധുവും കുട്ടികളുമുൾപ്പടെയുള്ള സ്വപ്നങ്ങൾ നെയ്തുകൂട്ടിയിരുന്നു. അതാണ് ഇവിടെ അവസാനിക്കുന്നത്. ഇനി തന്റെ പ്രണയിനിക്ക് അധികം ദിവസങ്ങളില്ല എന്ന സത്യം സൈമണിനെ വേദനിപ്പിച്ചു. എങ്കിലും തൊട്ടടുത്ത നിമിഷം സൈമൺ അവളോട് വിവാഹാഭ്യർഥന നടത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാലു ദിവസങ്ങൾക്കുള്ളിൽ പ്രത്യേക അനുമതികളോടെ ആശുപത്രിയിൽവച്ച് സൈമണും ടാഷും വിവാഹിതരായി. വധൂവരന്മാരുടെ വേഷം ധരിച്ച്, അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഭാര്യയും ഭർത്താവുമായി. ആശുപത്രിക്കിടക്കയിൽ ടാഷിനെ ചേർത്തുപിടിച്ച് സൈമൺ ഒപ്പമിരുന്നു. പഴയ ഓർമകളും സ്വപ്നങ്ങളും പങ്കുവച്ചു.

വേദനകളും നിരാശയും നിറഞ്ഞ ചികിത്സാ ദിനങ്ങളിൽ ടാഷ് ആശ്വാസം കണ്ടെത്തി തുടങ്ങി. അവൾ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് സൈമണും പ്രതീക്ഷിച്ചു. പക്ഷേ, എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ച് ജൂൺ 25ന് ടാഷ് മരണത്തിന് കീഴടങ്ങി.

ജീവിതത്തിലെ ഏറ്റവും നല്ല ദിവസം എന്നാണ് സൈമൺ വിവാഹദിനത്തെ വിശേഷിപ്പിക്കുന്നത്. ഒന്നിച്ചുണ്ടായിരുന്നപ്പോഴും ഒരു മാസം നീണ്ട ദാമ്പത്യത്തിലും ഒരായുഷ്കാലത്തെ സ്നേഹം തനിക്കു നൽകിയാണ് ടാഷ് പോയതെന്ന് സൈമൺ പറയുന്നു. ടാഷിന്റെ ഓർമയ്ക്കായി ഒരു കാൻസർ സെന്റർ തുടങ്ങാനുള്ള ഉദ്യമത്തിലാണ് സൈമണും കുടുംബാംഗങ്ങളും. അവരുടെ പ്രണയത്തിന്റെ സ്മാരകം പോലെ അത് എന്നും നിലനിൽക്കട്ടേ എന്നാണ് സൈമൺ ആഗ്രഹിക്കുന്നത്.