ബിർമിംഗ്ഹാമിലെ സെല്ലി ഓക്ക് ഹോസ്പിറ്റലാണ് രംഗം. മുറിവേറ്റ പട്ടാളക്കാരാണ് എസ്-4 എന്ന വാർഡിൽ നിറയെ. ആ വേദനകൾക്കിടയിലും ആരോ വിളിച്ചു പറയുന്നു ‘കേക്ക് ലേഡി വരുന്നു, കേക്ക് ലേഡി വരുന്നു…’ ആരാണ് ഈ കേക്ക് ലേഡി. മുറിവേറ്റ പട്ടാളക്കാരുടെ ഇടയിലൂടെ മധ്യവസ്കയായ ഒരു സ്ത്രീ ഒരു ട്രോളിയിൽ കേക്കുമായി വരികയാണ്, അവരുടെ വസ്ത്രധാരണവും വിചിത്രമാണ്. ഇതുകാണുന്നവർക്ക് ആദ്യം തോന്നുക മുറിവേറ്റ പട്ടാളക്കാരുടെ ഇടയിൽ ഇവർക്കെന്താണ് കാര്യം എന്നാണ്.

നഴ്സുമാരോ ബന്ധുക്കളോ ഡോക്ടർമാരോ ആരും അവരെ തടയുന്നില്ല. അവർ മുറിവേറ്റ സൈനികരെ ആലിംഗനം ചെയ്യുന്നു, അവർക്ക് കേക്കുകൾ നൽകുന്നു, വേദന നിറഞ്ഞ ആ സ്ഥലത്ത് സന്തോഷം പടർത്തുന്നു.

ഇത് റയാൻ, റിട്ടയേർഡ് നഴ്സ്, പ്രായം 59. 2009 ലെ അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് സെല്ലി ഓക്കിലേക്ക് മുറിവേറ്റ സൈനികരുടെ ഒഴുക്കായിരുന്നു. മരുന്ന് മാത്രമായിരുന്നില്ല അവർക്കാവശ്യം, പരിഗണനയും സ്നേഹവും കൂടിയായിരുന്നു. ഈ സമയത്താണ് റയാൻ എല്ലാ ദിവസവും ഈ പട്ടാളക്കാർക്കൊപ്പം തന്റെ സമയം ചെലവഴിക്കാൻ തീരുമാനിച്ചത്. 1260 ൽ കൂടുതൽ തവണ അവർ ആശുപത്രി സന്ദർശിച്ചതായാണ് രേഖകൾ. അതിപ്പോഴും തുടരുന്നു. അന്ന് ഏകദേശം ഒരു മില്യൺ കേക്ക്കഷണങ്ങൾ അവർ അവിടെ വിതരണം ചെയ്തു. അതും സ്വയം ഉണ്ടാക്കിയ കേക്കുകൾ.

‘ഞാൻ അവരെ ഏറ്റവും മോശം അവസ്ഥയിൽ വരെ കണ്ടു. മാരകമായി മുറിവേറ്റ്, ശ്വാസമെടുക്കാൻ പോലും കഴിയാതെ, അസ്ഥികൂടങ്ങളെ പോലെ…’ റയാൻ ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സൈന്യത്തിലായിരുന്ന മുറിവേറ്റ സഹോദരിക്കു വേണ്ടിയാണ് റയൻ കേക്കുകൾ ഉണ്ടാക്കിത്തുടങ്ങിയത്. അവൾ അത് തന്റെ സഹസൈനികർക്കു വേണ്ടി പങ്കുവയ്ക്കുന്നതും റയൻ കണ്ടു. പിന്നീട് ഈ സൈനികർ അവർക്കും കേക്ക് വേണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയതോടെ റയൻ എല്ലാവർക്കും കേക്ക് നൽകിത്തുടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എത്ര മുറിവേറ്റവരായാലും ഒരു പേടിയോ വെറുപ്പോ ഇല്ലാതെ അവരുടെ സുഖവിവരങ്ങൾ തിരക്കാൻ റയാൻ മറക്കാറില്ല. റയാൻ അവരുടെ കട്ടിലുകളുടെ തലയ്ക്ക് ചെന്ന് നിന്ന് ഉറക്കെ ചോദിക്കും, ഞാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നുണ്ടോ എന്ന്, ഇത് കേൾക്കുമ്പോൾ സൈനികർ ആർത്തുചിരിക്കും. ഒരിക്കൽ ഒരു സൈനികൻ ഇതിന് മറുപടിയായി നീ എന്തു തരും എന്ന ചോദ്യമെറിഞ്ഞു. ‘നിയമപരമായ, സദാചാരപരമായ എന്തും. ഒപ്പം ഈ ട്രോളിയിലെ കേക്കും.’ റയാൻ മറുപടി നൽകി.

ആറ് ഡസനോളം ബട്ടർഫ്ളൈ കേക്ക് 48 കസ്റ്റാർഡ് സ്ലൈസ്, ബെയ്ക്ക്വെൽ ടാർട്ട്സ്, കോക്കനട്ട് കേക്ക്, ചോക്ലേറ്റ് മഫിൻസ് എന്നിവയാണ് മിക്ക ആഴ്ചകളിലും റയാൻ നൽകുന്നത്.

സൈനികരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കേക്കുകളും അവർ തയ്യാറാക്കാറുണ്ട്. ഒരിക്കൽ എസ്റ്റോണിയയിലെ സൈനികർ ആശുപത്രിയിലെത്തിയപ്പോൾ അവരുടെ പ്രിയപ്പെട്ട എസ്റ്റോണിയൻ ഹണി കേക്കാണ് റയാൻ തയ്യാറാക്കിയത്. സൗത്ത് ആഫിക്കക്കാരായ സൈനികർക്ക് ബ്രാൻഡി ടാർട്ടും.

കഴിഞ്ഞ പതിനൊന്ന് വർഷമായി റയാൻ ഇവിടെ എത്തുന്നു. റയാൻ വിവാഹിതയല്ല, മക്കളില്ല കുടുംബവും. എന്നാൽ വലിയൊരു കുടുംബത്തിന്റെ ഭാഗമാണ് റയാനിപ്പോൾ. ചികിത്സ കഴിഞ്ഞു പോകുന്ന പട്ടാളക്കാർ അവളുടെ സഹായത്തിനായി എപ്പോഴുമെത്തും. വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കാൻ പോലും അവർ സഹായവുമായി റെഡി. സൈനികരുടെ കുടുംബങ്ങളിലെ ചടങ്ങുകളിൽ വിശിഷ്ട അഥിതിയാണ് റയാൻ.

കൊറോണക്കാലമായതോടെ റയാൻ ആശുപത്രി സന്ദർശനങ്ങൾക്ക് നിയന്ത്രണമായി. എങ്കിലും തന്റെ വീടിനടുത്തുള്ള ചെറിയ സൈനിക ആശുപത്രിയിൽ കേക്കുകളെത്തിക്കാൻ റയൻ മറക്കാറില്ല. അവിടെ പ്രവേശിപ്പിക്കുന്ന അഗ്നിശമന സേനയിലെ അംഗങ്ങൾക്കും റയാൻ കേക്ക് വിതരണം ചെയ്യാറുണ്ട്.