രണ്ടാം പിണറായി മന്ത്രിസഭയില്‍ ഘടകകക്ഷിയായ ജനതാദൾ-എസില്‍നിന്നുള്ള മന്ത്രിയെ നാളെ തീരുമാനിക്കും. ഘടകകക്ഷികളില്‍ ആര്‍ക്കെല്ലാം മന്ത്രിസഭയില്‍ പ്രാതിനിധ്യമുണ്ടാവുമെന്നു തീരുമാനിച്ചില്ലെങ്കിലും കഴിഞ്ഞതവണ മന്ത്രിസ്ഥാനം വഹിച്ചതിന്റെ ആനുകൂല്യം ഇത്തവണയും ലഭിക്കുമെന്ന കണക്കുകൂട്ടലുമായാണ് ജെഡിഎസ് തെരഞ്ഞെടുപ്പ് അവലോകനയോഗം ചേര്‍ന്ന് മന്ത്രിയെ തീരുമാനിക്കുന്നത്.
മൂന്നു സീറ്റില്‍ മത്സരിച്ച ജെഡിഎസിന് രണ്ടിടത്താണു ജയിക്കാനായത്. ചിറ്റൂരില്‍ മുതിര്‍ന്ന നേതാവും നിലവില്‍ ജലവിഭവ മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയും, തിരുവല്ലയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസുമാണ് വിജയിച്ചത്. ഇരുവരും നേരത്തേ മന്ത്രിസ്ഥാനം വഹിച്ചതിനാല്‍ ഇത്തവണ ആരാവും മന്ത്രിയെന്നതില്‍ ജെഡിഎസില്‍ ആകാംക്ഷയുണ്ട്. കഴിഞ്ഞ തവണ ജെഡിഎസില്‍ മന്ത്രിസ്ഥാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം ഇത്തവണയും ഉണ്ടാവുമെന്ന സൂചനയാണ് നിലനില്‍ക്കുന്നത്.
അതേസമയം കഴിഞ്ഞ തവണത്തേതുപോലെ രണ്ടുപേർക്കുമായി മന്ത്രിപദവി വീതിച്ചുനൽകാനുള്ള ഫോർമുലയാണു പാര്‍ട്ടിക്കുള്ളില്‍ നിന്നുയരുന്നത്. മാത്യു ടി. തോമസിന് ആദ്യടേം ലഭിച്ചേക്കുമെന്ന സൂചനയാണു പാർട്ടി വൃത്തങ്ങൾ നൽകു ന്നത് അതേസമയം, മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ച് മുൻപില്ലാത്തവിധം മാർഗനിർദേശങ്ങളാണു സിപിഎം മുന്നോട്ടുവയ്ക്കുന്നത് എന്നത് ഘടകകക്ഷികളെ വലയ്ക്കുന്നുണ്ട്.
33,878 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയിച്ച കെ. കൃഷ്ണന്‍കുട്ടി അഞ്ചാം തവണയാണ് നിയമസഭയിലെത്തുന്നത്. അതേസമയം മാത്യു ടി. തോമസിനും അഞ്ചാമൂഴമാണ്. 11,421 വോട്ടിന്റെ ഭൂരിപക്ഷമുള്ള മാത്യു ടി.തോമസ് പിണറായി മന്ത്രിസഭയില്‍ ആദ്യത്തെ രണ്ടര വര്‍ഷവും, വി.എസ്. മന്ത്രിസഭയിലും മന്ത്രിയായിരുന്നു.
നാളെ ചേരുന്ന ജില്ലാ പ്രസിഡന്റുമാരുടെയും ഭാരവാഹികളുടെയും യോഗത്തില്‍ മന്ത്രിസ്ഥാനം സംബന്ധിച്ചു വിശദമായി ചര്‍ച്ച ചെയ്യുമെന്നും സമവായമായില്ലെങ്കില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൗഡ തീരുമാനിക്കുമെന്നും മുതിര്‍ന്ന നേതാവ് സി.കെ.നാണു പറഞ്ഞു. കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി മാത്യു ടി. തോമസും കൃഷ്ണന്‍കുട്ടിയും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.
Leave a Reply