എല്ലാവരെ പോലെയും ഓടിച്ചാടി നടന്നിരുന്ന ഷെറിന്‍ ഷഹാനയെ വീല്‍ചെയറിലാക്കിയത് ആറ് വര്‍ഷം മുമ്പ് അശ്രദ്ധമായ ഒരു ചുവടുവെപ്പായിരുന്നു. എന്നാല്‍, അപ്രതീക്ഷിത ദുരന്തത്തില്‍ പരിതപിച്ച് ഷെറിന്‍ വെറുതേ ഇരുന്നില്ല. വിധിയെ തോല്‍പ്പിച്ച് മുന്നേറുന്നതിനിടെ വീണ്ടുമൊരു അപകടംപറ്റി ആശുപത്രി കിടക്കയില്‍ സര്‍ജറി കാത്ത് കിടക്കവെ ഷെറിനെ തേടി ആ വാര്‍ത്ത എത്തി, താൻ സിവില്‍ സര്‍വീസുകാരി ആയിരിക്കുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രിയിൽ റൂം നമ്പര്‍ 836-ലെ കട്ടിലില്‍ നിന്ന് രണ്ട് കൈകളുമുയര്‍ത്തി ഒന്ന് ചാടണമെന്നുണ്ടായിരുന്നു ഷെറിന്‌. എന്നാല്‍ ശരീരം അതിനനുവദിച്ചില്ല.

വയനാട് കമ്പളക്കാട് തെനൂട്ടികല്ലിങ്ങല്‍ വീട്ടില്‍ ഷെറിന്‍ ഷഹാന ദേശീയ തലത്തില്‍ 913-ാം റാങ്കുകാരിയായാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്.

അഞ്ചു വര്‍ഷം മുമ്പുള്ള ഒരു അപകടമാണ് ഷെറിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്. അശ്രദ്ധമായൊരു ചുവടുവെപ്പില്‍ വീടിന്റെ ടെറസില്‍ നിന്ന് ഷെറിന്‍ വീഴുകയായിരുന്നു. പി.ജി പരീക്ഷ കഴിഞ്ഞ് അവധിക്കാലത്തെ ആദ്യ ദിവസം ടെറസില്‍ വിരിച്ചിട്ട വസ്ത്രം എടുക്കാന്‍ പോയതായിരുന്നു ഷെറിന്‍. മഴ പെയ്ത് കുതിര്‍ന്നു കിടന്നതുകൊണ്ട് വസ്ത്രം വലിച്ചെടുക്കുന്നതിനിടെ വഴുതി മുന്നോട്ട് ആഞ്ഞു. സണ്‍ഷെയ്ഡില്‍ ചെന്നിടിച്ച് ഷെറിൻ താഴേക്ക് വീണു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു, രണ്ട് വാരിയെല്ലുകള്‍ പൊട്ടി.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിന് അധികകാലം ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നുതന്നെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. എന്നാൽ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ഷെറിന്‍ അതിജീവിച്ചു. അവിടെ നിന്നുള്ള തുടർ പോരാട്ടമാണ് ഷെറിന്‍ ഷഹാനയെ നെറ്റ് പരീക്ഷാ വിജയവും ഇപ്പോള്‍ സിവില്‍ സര്‍വീസും നേടുന്നതിലേക്ക് എത്തിച്ചത്.

പരേതനായ ഉസ്മാന്റെയും ആമിനയുടെയും മക്കളില്‍ ഇളയവളായ ഷെറിന് ഉമ്മയാണ് ഏറ്റവും വലിയ പിന്തുണ. കോഴിക്കോട് നിന്നുള്ള യാത്രയ്ക്കിടെ താമരശ്ശേരിയില്‍ വെച്ച് ഷെറിന്‍ മറ്റൊരു അപകടത്തില്‍പ്പെട്ടു. ഈ അപകടത്തില്‍ കാലിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോൾ. അവിടെവെച്ചാണ് സിവിൽ സർവീസ് നേട്ടം ഷെറിൻ അറിയുന്നത്. ഈ അപകടത്തില്‍ ഷോള്‍ഡറിന് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ജറിയാണ് നടക്കാനിരിക്കുന്നതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ആദ്യ അപകടത്തില്‍ രണ്ട് വര്‍ഷത്തോളം പൂര്‍ണ്ണമായും കിടക്കയില്‍ത്തന്നെയായിരുന്നു ഷെറിന്റെ ജീവിതം. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത് കൊണ്ട് പരസഹായമില്ലാതെ എഴുന്നേല്‍ക്കാനും അധികനേരം ഇരിക്കാനും കഴിയുമായിരുന്നില്ല. പി.ജി.ഫലം കാത്തിരിക്കുമ്പോഴായിരുന്നു ഈ അപകടം. ഡിഗ്രിയും പിജിയും പൊളിറ്റിക്കല്‍ സയന്‍സിലായിരുന്നു. പുറത്ത് പോയി പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടും വീട്ടില്‍ പോയി വരാനുള്ള സൗകര്യാര്‍ഥവുമാണ് പൊളിറ്റികല്‍ സയന്‍സ് തിരഞ്ഞെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐക്യരാഷ്ട്ര സഭാ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടേയും പിന്തുണ ഷെറിന് ലഭിച്ചിരുന്നു. സഹോദരി വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ജോലി ചെയ്യാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുത്താനായി ഡേറ്റാ കലക്ഷന്‍, പൊളിറ്റിക്കല്‍ അനലൈസ് തുടങ്ങിയ ജോലികള്‍ അദ്ദേഹം ഷെറിനെ ഏല്‍പിച്ചിരുന്നു. എന്തും ചെയ്യാന്‍ തനിക്കും കഴിയുമെന്നുള്ള ആത്മവിശ്വാസം ഇത് ഷെറിന് നല്‍കി. പിന്നീട് അയല്‍പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കാന്‍ തുടങ്ങി. ഇതിനിടെ നാഷണണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷയും ഷെറിന്‍ പാസായി. തുടര്‍ന്നുള്ള ഉപരിപഠനത്തിലും മുരളി തുമ്മാരുകുടിയുടെ പിന്തുണ ഷെറിന് ലഭിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇപ്പോള്‍ പിഎച്ച്ഡിയും ചെയ്യുന്നുണ്ട് ഷെറിന്‍.

‘കണ്ണുചിമ്മി തുറക്കുന്ന നേരംകൊണ്ട് അപകടങ്ങള്‍ സംഭവിക്കാം. അനന്തരം കൂടുതല്‍ മെച്ചപ്പെട്ട ഒരാളായി മാറാനാണ് നമുക്ക് കഴിഞ്ഞതെങ്കിലോ’, അപകടത്തില്‍ ശരീരം തളര്‍ന്ന് വീല്‍ച്ചെയറില്‍ കഴിയുന്ന പാകിസ്താനി സാമൂഹിക പ്രവര്‍ത്തക മുനിബ മസരിയുടെ ഈ വാക്കുകള്‍ തനിക്ക് പ്രചോദനമായെന്നും ഷെറിന്‍ പറയുന്നു.

2017-ല്‍ ഷെറിന് അപകടം പറ്റുന്നതിന്റെ രണ്ട് വര്‍ഷം മുമ്പാണ് പിതാവ് ഉസ്മാന്‍ ഈ ലോകത്തോട് വിടപറയുന്നത്. കോളേജിലിരിക്കുമ്പോഴാണ് ഷെറിന് മരണ വിവരം അറിയുന്നത്. ഷെറിനും കുടുംബത്തിനും അത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. സാമ്പത്തകമായി വലിയ പ്രയാസം ഷെറിനും ഉമ്മയും സഹോദരിമാരും അനുഭവിച്ചു.

‘ഞങ്ങള് പെണ്‍കുട്ടികളെ തനിച്ചാക്കി 2015-ല്‍ ഉപ്പച്ചി യാത്രയായതുകൊണ്ട് കാര്യങ്ങള്‍ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല. പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിയ്ക്ക് ജോലി ആയപ്പോഴാണ്. ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യം ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലില്‍ ആയിരുന്നെന്ന് വേണം ചുരുക്കി പറയാന്‍. നമ്മള്‍ പഠിച്ചതൊക്കെ സര്‍ക്കാര്‍ സ്‌കൂളിലാണ്, ഷെറിന്‍ പിജി വരെ ചെയ്തത് ബത്തേരി സെന്‍മേരിസില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍. വല്യ കാര്യമായി ഫിനാഷ്യല്‍ ഇന്‍വെസ്‌റ്‌മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാന്‍ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാന്‍’, ഷെറിന്റെ മൂത്ത സഹോദരി ജാലിഷ ഉസ്മാന്‍ ഷെറിന്റെ സിവില്‍ സര്‍വീസ് വിജയത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികളാണിത്.

കണിയാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു ഷെറിന്റെ പ്രാഥമിക പഠനം. ബത്തേരി സെന്റ് മേരിസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര പഠനവും പൂര്‍ത്തായാക്കിയത്. അബ്‌സല്യൂട്ട് അക്കാദമി, പെരിന്തല്‍മണ്ണയിലെ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അക്കാദമി, കേരള സിവില്‍ സര്‍വീസ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നാണ് ഷെറിന്‍ സിവില്‍ സര്‍വീസ് പഠനം നടത്തിയത്.