തൊടുപുഴ: നടി തൊടുപുഴ വാസന്തി അന്തരിച്ചു. ക്യാന്‍സര്‍ രോഗ ബാധിതയായി ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ വാഴക്കുളത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 65 വയസായിരുന്നു. തൊടുപുഴ മണക്കാട്, സഹോദരന്റെ വീട്ടുവളപ്പില്‍ വൈകിട്ട് നാലിന് സംസ്‌കാരം നടക്കും. പി.വസന്തകുമാരി എന്ന പേര് തൊടുപുഴ വാസന്തിയെന്ന് പരിഷ്‌കരിച്ചത് അടൂര്‍ ഭവാനിയാണ്.
കെ.ജി.ജോര്‍ജിന്റെ യവനികയിലെ കഥാപാത്രമാണ് വാസന്തിയെ ശ്രദ്ധേയയാക്കിയത്. നാടക നടനായ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു വാസന്തിയുടെ അരങ്ങേറ്റം. പിന്നീട് നിരവധി നാടകങ്ങളില്‍ വേഷമിട്ടു. 1982ല്‍ പുറത്തിറങ്ങിയ കക്ക എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചു. യവനികയിലെ രാജമ്മ എന്ന കഥാപാത്രത്തിനു ശേഷം സിനിമയില്‍ ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തി. നാടകാഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്.
ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദര്‍, അനുബന്ധം, വെള്ളാനകളുടെ നാട്, പട്ടണപ്രവേശം, നവംബറിന്റെ നഷ്ടം തുടങ്ങി 450 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. റേഡിയോ നാടകങ്ങളിലും സാന്നിധ്യം അറിയിച്ചു. പിതാവ് രാമകൃഷ്ണന്‍ നായര്‍ കാന്‍സര്‍ രോഗബാധിതനായതോടെ സിനിമയില്‍നിന്നു കുറച്ചുകാലം അകന്നു നിന്നു. പിന്നീട് സിനിമയിലേക്കു തിരികെ എത്തുമ്പോഴേക്കും ഭര്‍ത്താവ് രജീന്ദ്രനും രോഗബാധിതനായി.
2010 ഓഗസ്റ്റില്‍ അദ്ദേഹവും പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. തൊണ്ടയിലെ ക്യാന്‍സറിനു പുറമേ പ്രമേഹം മൂര്‍ച്ഛിച്ച് വലതുകാല്‍ മുറിച്ചു മാറ്റേണ്ടി വന്നതോടെ ജീവിതം ദുരിതപൂര്‍ണ്ണമായി മാറി. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതോടെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് വാസന്തിക്ക് സഹായം നല്‍കാന്‍ രംഗത്തെത്തിയിരുന്നു.
Leave a Reply