അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഏഴ് വയസുകാരന്റെ മൃതദേഹം സംസ്‌കരിച്ചു. തൊടുപുഴയ്ക്കടുത്തെ ഉടമ്പന്നൂരില്‍ അമ്മയുടെ വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. നൂറ് കണക്കിന് പേരാണ് കുഞ്ഞിന് കണ്ണീരോടെ ആദരാഞ്ജലികളര്‍പ്പിക്കാനെത്തിയത്.
പത്ത് ദിവസമാണ് വെന്റിലേറ്ററില്‍ മരണത്തോട് മല്ലടിച്ച് ഏഴു വയസ്സുകാരന്‍ കിടന്നത്. ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നു. ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സാഹചര്യമയതോടെ സ്ഥിതി വഷളായി. രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കുട്ടിയെ സന്ദര്‍ശിച്ചുവെങ്കിലും കുട്ടി വെന്റിലേറ്ററില്‍ തുടരട്ടെ എന്നായിരുന്നു നിര്‍ദേശം. മണിക്കൂറുകള്‍ക്ക് ശേഷം ശനിയാഴ്ച രാവിലെ പതിനൊന്ന് മുപ്പതോടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. പതിനൊന്ന് മുപ്പത്തഞ്ചോടെ മരണം ഔദ്യോഗികമായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു.
അരുണ്‍ ചികിത്സ വൈകിപ്പിച്ചതായി ആശുപത്രി അധികൃതര്‍. അതേസമയം കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് മുന്നിലും പിന്നിലും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നും വീഴ്ചയില്‍ സംഭവിക്കുന്നതിനെക്കാള്‍ ഗുരുതരമായ ക്ഷതങ്ങളാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനിടയില്‍ ആശുപത്രി അധികൃതരുമായി തര്‍ക്കിച്ച് അരമണിക്കൂറോളം നേരം കളഞ്ഞുവെന്നും ഓപറേഷന്‍ നടത്താമെന്ന് പറഞ്ഞിട്ടും സഹകരിച്ചില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. മദ്യലഹരിയിലാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. കുട്ടിക്കൊപ്പം ആംബുലന്‍സില്‍ കയറുന്നതിന് പ്രതി അരുണും കുട്ടിയുടെ അമ്മയും തയ്യാറായില്ല. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അരുണാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ അമ്മയും സഹകരിക്കാതിരുന്നതോടെ ദുരൂഹത തോന്നിയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. മെഡിക്കല്‍ കോളെജിലേക്ക് മാറ്റാന്‍ ആംബുലന്‍സില്‍ കയറ്റിപ്പോഴും ഇരുവരും സഹകരിച്ചില്ലെന്നും അധികൃതര്‍ പറയുന്നു.
മർദ്ദനം നടന്ന് മുക്കാൽ മണിക്കൂറിന് ശേഷമാണ് കുട്ടിയെ കൊണ്ടുവന്നത്. സോഫയിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞു. എന്നാൽ ആശുപത്രി അധികൃതർക്ക് ഇതിൽ സംശയം തോന്നിയതിനാൽ അടിയന്തര ചികിത്സ നൽകുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തിയപ്പോഴേക്ക് വിദഗ്‍ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ അരുൺ ഇതിന് തയ്യാറായില്ല. അരമണിക്കൂർ നേരം ആംബുലൻസിൽ കയറാതെ അരുൺ അധികൃതരുമായി നിന്ന് തർക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലൻസിൽ കയറാൻ അനുവദിക്കുകയും ചെയ്തില്ല.
Leave a Reply