തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ അതിക്രൂരമായ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി കുട്ടിക്ക് ആഹാരം നല്‍കുന്നുവെന്നതാണ് ഏക പുരോഗതിയെന്ന രീതിയില്‍ വിലയിരുത്താന്‍ കഴിയുന്ന മാറ്റം. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മെഡിക്കല്‍ സംഘം. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടിയെ സന്ദര്‍ശിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനില മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാനായി സാധിച്ചില്ല. സ്വന്തമായി ശ്വാസമെടുക്കാന്‍ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം കുട്ടിയെ മര്‍ദ്ദിച്ച അരുണിനെതിരെ പോലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്രതി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും വീടിനുള്ളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ നിന്ന് കോടാലി, പ്രഷര്‍ കുക്കര്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇവ എന്തിനാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് വ്യക്തമല്ല. അരുണ്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നതായി പോലീസ് പറയുന്നു. നിലവില്‍ പോക്‌സോയ്‌ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുന്നുണ്ട്.