തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി എന്‍സിപി ദേശീയ നേതൃത്വം. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്കു ശേഷമേ എല്‍ഡിഎഫ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്നാണ് നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം അറിയിച്ചുകൊണ്ട് ദേശീയ നേതൃത്വം എല്‍ഡിഎഫ് നേതാക്കളുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ആശയവിനിമയം നടത്തി.
കായല്‍ കയ്യേറ്റത്തില്‍ എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിയുടെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമാണ്. സിപിഐ മന്ത്രിയുടെ രാജി അനിവാര്യമാണെന്ന് നിലപാട് കൂടി സ്വീകരിച്ചതോടെ എല്‍ഡിഎഫിലും മന്ത്രിയുടെ നില പരുങ്ങലിലാണ്. നിയമലംഘനം തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നാണ് സിപിഎം നിലപാട്. ഇന്ന് ചേരുന്ന എല്‍ഡിഎഫ് മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യും.
എന്‍സിപി നേതാക്കളായ മാണി സി കാപ്പനും സുള്‍ഫിക്കര്‍ മയൂരിയും തോമസ് ചാണ്ടിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ ചര്‍ച്ച നടത്തി. തോമസ് ചാണ്ടി രാജിവെച്ചേ മതിയാകൂ എന്ന നിര്‍ദേശം എല്‍ഡിഎഫ് യോഗത്തില്‍ സിപിഎം ആദ്യം ഉന്നയിക്കില്ലെന്ന് തീരുമാനിച്ചു. യോഗത്തിലുണ്ടാകുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാണ് പാര്‍ട്ടി ധാരണ.
Leave a Reply