തോമസ് ചാണ്ടി വിഷയത്തിൽ തീരുമാനം എല്‍ഡിഎഫിനു വിട്ട് സിപിഎം. സിപിഎം സംസ്ഥാന സമിതിയോഗത്തിലാണ് ധാരണയായത്.
ഉചിതമായ നിലപാടെടുക്കാന്‍ നേതൃത്വത്തെ സിപിഎം ചുമതലപ്പെടുത്തി
ചാണ്ടിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുയർന്നിരുന്നു. എ.ജി.യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു.സിപിഎം സംസ്ഥാന സമിതിയിൽ കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ തോമസ് ചാണ്ടി വിഷയം പരാമർശിച്ചിരുന്നില്ല. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ചില അംഗങ്ങൾ രാജി വൈകരുതെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുകയായിരുന്നു.
നാളത്തെ എൽഡിഎഫ് യോഗത്തിലും എൻസിപി നിലപാട് ആവർത്തിക്കും. ഹൈക്കോടതിയിലുള്ള കേസിൽ തീരുമാനമാകും വരെ കാക്കണമെന്നും എൻ.സി.പി ആവശ്യപ്പെടും. എന്നാലിത് സി.പി.എമ്മും സി.പി.ഐയും അംഗീകരിക്കാനിടയില്ല.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ സമ്മര്‍ദം ശക്തമാകുമ്പോഴും തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനം നീളുന്നു. നിയമോപദേശം പൂര്‍ണമായും എതിരായതോടെ സിപിഎമ്മും സിപിഐയും നിലപാട് ശക്തമാക്കിയെങ്കിലും മന്ത്രിയും എന്‍സിപി നേതൃത്വവും രാജിയില്ലെന്ന നിലപാടില്‍ തന്നെയാണ്.
മന്ത്രിക്ക് കൂടുതല്‍ കുരുക്കായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പുറത്തുവന്നതാണ് സ്ഥിതിഗതികൾ മാറ്റിമറിച്ചത്. കലക്ടറുടെ റിപ്പോര്‍ട്ടിന് നിയമപരമായ സാധുതയുണ്ടെന്നും കയ്യേറ്റവും നികത്തലും നടന്നിട്ടുണ്ടെന്ന കണ്ടെത്തലുകള്‍ തള്ളിക്കളയില്ലെന്നുമാണ് എജിയുടെ നിലപാട്. തുടര്‍നടപടികള്‍ തീരുമാനിക്കേണ്ടത് സര്‍ക്കാരെന്നും നിയമോപദേശം വ്യക്തമാക്കുന്നു.
തോമസ് ചാണ്ടിയുടെ കായൽ കൈയ്യേറ്റവും വയൽനികത്തലും സംബന്ധിച്ച ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് തള്ളാനാവില്ലെന്നാണ് നിയമോപദേശത്തിൽ പറയുന്നത്. കലക്ടറുടെ റിപ്പോർട്ടിന് നിയമപരമായ സാധുതയുണ്ട്. എന്നാൽ റിപ്പോർട്ടിനെ തന്നെ ചോദ്യം ചെയ്ത് മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിവിധി വരും വരെ കാത്തിരിക്കണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്.
എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന പുതിയ നിലപാടാണ് എൻസിപി മുന്നോട്ടുവച്ചത്. ഇക്കാര്യം തോമസ് ചാണ്ടി തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ പേരില്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ല. സിപിഎം തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ല. എൻസിപി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുമില്ല. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പീതാംബരന്‍ വ്യക്തമാക്കി.
Leave a Reply