വേമ്പനാട്ട് കായലിന്‍റെ ഹൃദയഭാഗത്ത് കായലിനോട് ചേര്‍ന്നുള്ള കൃഷിനിലമായ മാര്‍ത്താണ്ഡം കായലില്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി മന്ത്രി തോമസ് ചാണ്ടിയുടെ വന്‍ നികത്ത്. മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നത്.
മിച്ച ഭൂമിയായി കിട്ടിയ കര്‍ഷകര്‍ക്ക് താമസിക്കാനായി കായലില്‍ നിന്നും 17 മീറ്റര്‍ വരെ ദൂരത്തില്‍ നികത്താമെന്ന പഴയ ഉത്തരവിന്റെ മറവില്‍ 40 മീറ്ററിലേറെ ദൂരത്തിലാണ് തോമസ് ചാണ്ടി നികത്തുന്നത്. ഇതിനിടയില്‍ ഉണ്ടായിരുന്ന രണ്ട് മീറ്റര്‍ വീതിയുള്ള സര്‍ക്കാര്‍ റോഡും കയ്യേറി നികത്തി. നികത്തുന്ന ആറ് ഏക്കര്‍ ഭൂമിയില്‍ അഞ്ച് ഏക്കറും കൃഷി ചെയ്തിരുന്ന ഭൂമിയാണ്. നികത്തലിനെതിരെ പരാതി കൊടുത്ത വാര്‍ഡ് മെമ്പര്‍ക്കെതിരെ മന്ത്രിയുടെ ആള്‍ക്കാര്‍ പോലീസില്‍ പരാതി നല്‍കി ഭീഷണിപ്പടുത്തുകയും ചെയ്തു.
1943 ലാണ് വേമ്പനാട്ട് കായലില്‍ നിന്ന് ബണ്ട് കെട്ടി വേര്‍തിരിച്ച് മാര്‍ത്താണ്ഡം പാടത്ത് കൃഷി തുടങ്ങിയത്. ആകെ 540 ഏക്കര്‍ കൃഷിഭൂമിയില്‍ കര്‍ഷക തൊഴിലാളികള്‍ക്കായി 1985ല്‍ 85 സെന്റും നാലാം ബ്ലോക്കിലെ ചിലയിടങ്ങളില്‍ 95 സെന്റും മിച്ചഭൂമിയായി സര്‍ക്കാര്‍ നല്‍കി. കായലിലെ ബണ്ടിനോട് ചേര്‍ന്ന ഈ ഭൂമിയില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് വീട് വെച്ച് കൃഷിചെയ്യാനായി കായലില്‍ നിന്ന് 17 മീറ്റര്‍ ദൂരത്തില്‍ നികത്താനും സര്‍ക്കാര്‍ അന്ന് അനുവാദനം നല്‍കി. അങ്ങനെയിരിക്കെയാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രി തോമസ് ചാണ്ടി ഈ ഭൂമിയില്‍ കണ്ണുവെക്കുന്നത്. അങ്ങനെ ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ നിരവധി കര്‍ഷകരുടെ കയ്യില്‍ നിന്നായി കമ്പനിയുടെ ചെയര്‍മാനായിരുന്ന തോമസ് ചാണ്ടിയും മകന്‍ ടോബി ചാണ്ടിയും ഭൂമി വാങ്ങിക്കൂട്ടി.
ലോറിയിൽ മണ്ണുമായി വലിയ ജങ്കാറിൽ കൊണ്ട് പോകുന്നു
6.2 ഏക്കറാണ് അച്ഛന്‍റെയും മകന്റെയും പേരില്‍ മാത്രമായത്. ഭൂമി കൈയ്യിലായതോടെ തോമസ് ചാണ്ടി നികത്തിത്തുടങ്ങി. അപ്പോഴേക്കും സി.പി.എം പ്രവര്‍ത്തകര്‍ ഈ ഭൂമിയില്‍ കൊടിനാട്ടി. നികത്ത് നല്‍ക്കാലം നിര്‍ത്തിയ തോമസ്ചാണ്ടി തൊട്ടടുത്ത വര്‍ഷം എൻ.സി.പിയിലെത്തിയതോടെ പ്രതിഷേധവും കെട്ടടങ്ങി. വീണ്ടും നികത്ത് തുടങ്ങി. ഇപ്പോഴിതാ കൂറ്റന്‍ ജങ്കാറില്‍ കൈനകരി മുണ്ടയ്ക്കല്‍ പാലത്തിനടുത്ത് നിന്നും മണ്ണ് എടുത്ത് യഥേഷ്ടം നികത്തുകയാണ്. ആരും തടയാനില്ല. കൃഷി ചെയ്യുന്ന പാടവും കായലും തമ്മില്‍ വേര്‍തിരിക്കുന്ന പാടശേഖരത്തിന്റെ പുറം ബണ്ടിന്റെ പരമാവധി വീതി മൂന്ന് മീറ്ററാണ്. പക്ഷേ ഈ മൂന്ന് മീറ്റര്‍ മന്ത്രി തോമസ് ചാണ്ടി 36 മീറ്ററാക്കി മാറ്റി.
വേമ്പനാട്ട് കായലിന്റെ കല്‍ക്കെട്ടില്‍ നിന്ന് പതിനേഴ് മീറ്റര്‍ വരെ നികത്താം. പക്ഷേ അതിനുള്ള അവകാശം സര്‍ക്കാര്‍ മിച്ചഭൂമിയായി നല്‍കിയ കര്‍ഷക തൊഴിലാളിക്കാണ്. അവിടെ വീട് വെച്ച് താമസിച്ച് കൃഷിചെയ്യാനുള്ള സൗകര്യത്തിനായിരുന്നു അത്. പക്ഷേ തോമസ് ചാണ്ടി വാങ്ങിയതോടെ നികത്താന്‍ തുടങ്ങി. 17 മീറ്ററും അതിന്റെ ഇരട്ടിയിലധികവും തോമസ് ചാണ്ടി നികത്തി. ഓരോ കര്‍ഷകന്റെയും ഭൂമിയുടെ ഇടയിലൂടെ സഞ്ചരിക്കാന്‍ സര്‍ക്കാര്‍ വക റോഡുണ്ടായിരുന്നു. പക്ഷേ ആ റോഡിപ്പോള്‍ ഇവിടെ കാണാനില്ല. അതും കയ്യേറി നികത്തിയെന്ന് ചുരുക്കം. ഈ ആറേക്കര്‍ ഭൂമി മാത്രമല്ല, വേറെയും ഏക്കറുകണക്കിന് ഭൂമി വിവിധയാളുകളുടെ പേരില്‍ തോമസ് ചാണ്ടി ഇവിടെ വാങ്ങിക്കൂട്ടിയെന്നും മറ്റൊരു ലേക്ക് പാലസാക്കുകയാണ് ലക്ഷ്യമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു…
ലോറിയിൽ മണ്ണുമായി വലിയ ജങ്കാറിൽ കൊണ്ട് പോകുന്നു
എം.എല്‍.എയും മന്ത്രിയുമായ ശേഷമാണ് തോമസ് ചാണ്ടി ഇവിടെ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി നികത്ത് തുടങ്ങിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിയമസഭയിലിരുന്ന് കയ്യടിച്ച് പാസ്സാക്കുമ്പോഴും ഇങ്ങിവിടെ കുട്ടനാട്ടില്‍ കൃഷിചെയ്യുന്ന പാടത്ത് നികത്ത് പൊടിപൊടിക്കുകായിരുന്നു. മന്ത്രിയുടെ നികത്ത് ആരും അറിയാഞ്ഞിട്ടല്ല. കൈനകരി പഞ്ചായത്തംഗമായ വിനോദ് കൈനകരി പഞ്ചായത്ത് പ്രസിഡണ്ടിനും കൃഷി ഓഫീസര്‍ക്കും എന്തിന് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് വരെ പരാതി കൊടുത്തു. കുട്ടനാട് തഹസില്‍ദാര്‍ക്ക് കൈനകരി വടക്ക് വില്ലേജോഫീസര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. പക്ഷേ പരാതി കൊടുത്ത വിനോദിനെ മന്ത്രിയെ ആക്ഷേപിക്കാന്‍ നീക്കം നടത്തിയെന്നതിന്റെ പേരില്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി.
എതിര്‍ത്താല്‍ ഇതാണ് അവസ്ഥ. മാര്‍ത്താണ്ഡം കായലില്‍ കൃഷി ചെയ്യുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും കൊണ്ട് വേര്‍തിരിച്ചു. പക്ഷേ ഇപ്പോള്‍ നികത്തുന്ന ഭൂമി പുരിയിടമെന്നാണ് റവന്യൂരേഖകളിലുള്ളത്. ഒറ്റനോട്ടത്തില്‍ തന്നെ കൃഷിചെയ്യാന്‍ പാകമായ ഈ നിലം പുരിയിടമാകുന്നതെങ്ങനെയെന്ന ചോദ്യവും ബാക്കിയാവുന്നു. കൃഷി ചെയ്യാന്‍ പറ്റുന്നത്ര പാടം കൃഷി ചെയ്യാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രിയും കൃഷിമന്ത്രിയും ഓടി നടന്ന് വര്‍ഷങ്ങളായി കൃഷി ചെയ്യാത്ത ഭൂമിയില്‍ കൃഷി ചെയ്യുമ്പോള്‍ നമ്മുടെ ഗതാഗതമന്ത്രിയുടെ നികത്തല്‍ വണ്ടി എല്ലാ നിയമങ്ങളും ലംഘിച്ച് മുന്നോട്ട് പോവുകയാണ്
Leave a Reply