ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കു പിന്നാലെ മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് തോമസ് ചാണ്ടി എം.എൽ.എ കുവൈറ്റിൽ നിന്ന് തിരുവനന്തപുരത്ത് വിമാനമിറങ്ങി. മന്ത്രിയാകാൻ പ്രാപ്തിയുള്ളവർ പാർട്ടിയിലുണ്ടെന്നും സ്ഥാനം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻ.സി.പിയുടെ വകുപ്പ് മറ്റാർക്കും കൊടുക്കില്ല. മുഖ്യമന്ത്രി വകുപ്പ് കൈവശം വയ്ക്കുന്നതിൽ പ്രശ്‌നമില്ല. എന്നാൽ പകരം മന്ത്രിയാകാൻ പാർട്ടിയിൽ ആളുള്ളപ്പോൾ മറ്റൊരാൾക്ക് വകുപ്പ് കൈമാറേണ്ട സാഹചര്യമില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.മൂന്നാമത്തെ തവണയാണ് താൻ എം.എൽ.എ ആകുന്നത്. ഗൾഫിൽ സ്‌കൂളുകൾ തുടങ്ങി അത് നല്ല രീതിയിലാണ് താനിപ്പോൾ നടത്തിക്കൊണ്ടുപോകുന്നത്. നാട്ടിലും ഇവിടെയും വന്നുപോയാണ് കാര്യങ്ങൾ നടത്തുന്നത്. ആ തനിക്ക് മന്ത്രിയായി വകുപ്പ് നടത്തിക്കൊണ്ടുപോകുക അത്ര വലിയ കാര്യമല്ലെന്നാണ് തോമസ് ചാണ്ടി പറയുന്നത്. ശശീന്ദ്രൻ തെറ്റു ചെയ്തിട്ടില്ല എന്ന തെളിഞ്ഞാൽ ആ സെക്കൻഡിൽ അദ്ദേഹം മന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്നും എന്നാൽ ശശീന്ദ്രന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സംഭവങ്ങളിൽ രാഷ്ട്രീയ ഗൂഢാലോചന ഉള്ളതായി കരുതുന്നില്ലെന്നും തോമസ്ചാണ്ടി പറഞ്ഞു.എന്നാൽ വ്യവസായി പ്ശ്ചാത്തമുള്ള തോമസ്ചാണ്ടി ഇടതുപക്ഷ മന്ത്രിസഭയിൽഅംഗമാകുന്നതിനോട് സി.പി.എം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് നടക്കുന്ന എൻ.സി.പി നേതൃയോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റേതാകും അന്തിമതീരുമാനം.തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എൻ.സി.പി നേതൃയോഗം. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും രാവിലെ തിരുവനന്തപുരത്ത് ചേർത്ത എൻ.സി.പി. നേതൃയോഗത്തിൽ തീരുമാനിച്ചു.