ലണ്ടൻ∙ ലോകത്താകമാനം ഉപയോക്താക്കളും ഓഫിസും ബിസിനസ് ശൃംഖലയുമുള്ള തോമസ് കുക്ക് ട്രാവൽ സംഘാടകർ അടച്ചുപൂട്ടൽ ഭീഷണിയിൽ. 178 വർഷത്തെ പ്രവർത്തന പാരമ്പര്യവും നിരവധി രാജ്യങ്ങളിലായി 20,000 പേർ ജോലി ചെയ്യുന്നതുമായ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ രണ്ടുദിവസത്തിനുള്ളിൽ പ്രവർത്തനം നിർത്തുമെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ. ഇതോടെ വിവിധ രാജ്യങ്ങളിൽ ഇവരിലൂടെ സന്ദർശനത്തിലായിരുന്ന ലക്ഷക്കണക്കിന് ആളുകളുടെ മടക്കയാത്രയും സുരക്ഷിതത്വവും അപകടത്തിലായി.

തോമസ് കുക്കിന്റെ പ്രവർത്തനങ്ങൾ നിലവിലെ സ്ഥിതിയിൽ രണ്ടു ദിവസത്തിനകം അവസാനിക്കുമെന്നാണ് ബിബിസി അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.  അത്രമാത്രം സാമ്പത്തിക പ്രതിസന്ധിയിലാണ് ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും പ്രശസ്തമായ ട്രാവൽ ഫേമായ തോമസ് കുക്ക്.

ലോകകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവർത്തന സംവിധാനങ്ങളുമുണ്ട്. 16 രാജ്യങ്ങളിലായി 20,000 പേർ തോമസ് കുക്കിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മണി എക്സേഞ്ചുകളും വിമാന സർവീസുകളും ഫെറി സർവീസുകളും വേറെയും.

തോമസ് കുക്കിലൂടെ ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികൾ മാത്രം നിലവിൽ 1,80,000 പേർ വിവിധ രാജ്യങ്ങളിൽ സന്ദർശനത്തിൽ ഉണ്ടെന്നാണ് കണക്ക്. മറ്റു രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ വേറെയും. കമ്പനി പ്രവർത്തനം നിർത്തുന്നതോടെ ഇവരുടെ മടക്കയാത്രയും മറ്റ് അനുബന്ധ സേവനങ്ങളും അവതാളത്തിലാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

200 മില്യൻ പൗണ്ടിന്റെ ധനകമ്മി നേരിടുന്ന സ്ഥാപനം ഇതിനുള്ള പരിഹാരം രണ്ടുദിവസത്തിനുള്ളിൽ കണ്ടെത്തിയില്ലെങ്കിൽ ഞായറാഴ്ചയോടെ പ്രവർത്തനം നിർത്തേണ്ടിവരുമെന്നാണ് മുന്നിറിയിപ്പ്. റോയൽ ബാങ്ക് ഓഫ് സ്കോട്ട്ലൻഡുമായും ലോയിഡ്സ് ബാങ്കുമായും ബന്ധപ്പെട്ട് ഇതിനുള്ള അവസാനവട്ട ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ടെങ്കിലും ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയാറാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ 1.6 ബില്യൻ പൗണ്ടിന്റെ കടബാധ്യതയിൽ അകപ്പെട്ട കമ്പനിക്ക് സ്വാഭാവികമായും  പൂട്ടുവീഴും. ഇത് ആയിരക്കണക്കിന് ആളുകളുടെ ജോലിക്കും  ലക്ഷക്കണക്കിനാളുകളുടെ ടൂറിസം പദ്ധതികൾക്കും അവസാനമാകും.

കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്നും രക്ഷാദൗത്യത്തിന് കമ്പനി ശ്രമം തുടരുന്നുണ്ട്. എന്നാൽ അടിയന്തര സഹായമായ 2000 മില്യൻ പൗണ്ട് നൽകാൻ ഇവരും തയാറാകാതിരുന്നതോടെയാണ് കമ്പനി വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്.

അതേസമയം, തോമസ് കുക്ക് യുകെയുടെ ഭാഗമല്ല തോമസ് കുക്ക് (ഇന്ത്യ)യെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മാധവന്‍ മേനോൻ അറിയിച്ചു. 2012 ഓഗസ്റ്റ് മുതല്‍ തോമസ് കുക്ക് (ഇന്ത്യ) ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമല്ല. 2012 ഓഗസ്റ്റില്‍ കാനഡ ആസ്ഥാനമായ ഫെയര്‍ഫാക്‌സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് (ഫെയര്‍ഫാക്‌സ്) തോമസ് കുക്ക് (ഇന്ത്യ)യെ ഏറ്റൈടുത്തിരുന്നു. അന്നു മുതല്‍ ഇന്ത്യന്‍ കമ്പനിയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ നിലനില്‍പ്പാണുള്ളതെന്നും മാധവന്‍ മേനോൻ പറഞ്ഞു.