ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : ആഗോള യാത്ര കമ്പനിയായ തോമസ് കുക്ക് തകർച്ചയുടെ വക്കിൽ. വമ്പിച്ച കടബാധ്യത തന്നെയാണ് പ്രധാന കാരണം. ഒരു തകർച്ച ഒഴിവാക്കാൻ അടിയന്തരമായി 200 മില്യൺ പൗണ്ട് അവർ കണ്ടെത്തേണ്ടതുണ്ട്. തോമസ് കുക്കിന്റെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്വം യഥാർത്ഥത്തിൽ വലച്ചിരിക്കുന്നത് വിനോദസഞ്ചാരികളെയാണ്. ഇന്നലെ രാവിലെ കമ്പനിയുടെ പ്രധാന നേതാക്കളുമായി അവസാന ചർച്ചകൾ നടന്നു. കമ്പനി അടച്ചുപൂട്ടിയാൽ 150, 000ത്തോളം ബ്രിട്ടീഷ് വിനോദസഞ്ചാരികളും 9000ത്തോളം തൊഴിലാളികളും പ്രതിസന്ധിയിലാവും. ഓപ്പറേഷൻ മാറ്റർഹോൺ എന്ന രഹസ്യനാമത്തിൽ രക്ഷാപ്രവർത്തനം ആരംഭിക്കാൻ സർക്കാരും യുകെ ഏവിയേഷൻ വാച്ച്ഡോഗും ഒരുങ്ങുന്നു.
കമ്പനി തകർന്നാലും വിനോദസഞ്ചാരികൾ ഒറ്റപ്പെട്ടു പോകില്ലെന്ന് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് ഉറപ്പ് നൽകി. തോമസ് കുക്ക് തകർന്നാലും സഞ്ചാരികളെ യുകെയിലേക്ക് തിരികെയെത്തിക്കാൻ സർക്കാർ തയ്യാറാണെന്നും റാബ് പറഞ്ഞു. വിമാനങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും യാത്രക്കാരുടെ അവധിക്കാല പാക്കേജുകൾ സംരക്ഷിക്കപ്പെടുമെന്നും യാത്ര ഏജൻസി ശനിയാഴ്ച രാത്രി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു. അതിനിടയിൽ ടുണീഷ്യയിലെ ഹോട്ടലിൽ വിനോദസഞ്ചാരികളെ ബന്ദികളാക്കി വച്ചു. തോമസ് കുക്കിന്റെ അവസ്ഥ കാരണം സഞ്ചാരികളോട് അധിക തുക അടയ്ക്കാൻ ഹോട്ടൽ ആവശ്യപ്പെട്ടു. ആരും പുറത്ത് കടക്കാതിരിക്കാനായി ഹോട്ടലിന്റെ ഗേറ്റ് പൂട്ടുകയും ചെയ്തു. കമ്പനിയുടെ തകർച്ചയിൽ 150,000 ബ്രിട്ടീഷ് വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുമെന്ന ആശങ്കയെത്തുടർന്ന് ട്രാൻസ്പോർട്ട് സാലറിഡ് സ്റ്റാഫ് അസോസിയേഷൻ (ടിഎസ്എസ്എ) യൂണിയൻ സർക്കാർ സഹായം ആവശ്യപ്പെട്ടു.
യാത്രക്കാരെയും തൊഴിലാളികളെയും സഹായിക്കാനായി എംപിമാർ മുമ്പോട്ടു വരണമെന്ന് ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ അഭിപ്രായപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ യാത്രാ കമ്പനികളിലൊന്നായ തോമസ് കുക്ക് 1841ലാണ് പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ വാർഷിക വില്പന 9 ബില്യൺ പൗണ്ട് ആണ്.22000 തൊഴിലാളികൾ ഉള്ളതിൽ 9000 പേരും ബ്രിട്ടീഷുകാരാണ്. കൂടാതെ 16 വിവിധ രാജ്യങ്ങളിലായി പ്രതിവർഷം 19 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു.
Leave a Reply