കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖരൻ നടത്തിയ കുപ്രചരണത്തിനെതിരെ മന്ത്രി തോമസ് ഐസക് രംഗത്ത്. കർണാടക തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമങ്ങളിലൂടെ അവാസ്തവ പ്രചാരണം നടത്തിയത്.
2013ൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം സിദ്ധരാമയ്യയ്ക്കെതിരെ രാജീവ് ചന്ദ്രശേഖർ ഉപയോഗപ്പെടുത്തുകയായിരുന്നു. 2013കാലത്ത് കർണാടകത്തിലെ യഡിയൂരപ്പ മന്ത്രിസഭ. ആ മന്ത്രിസഭയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ, സിദ്ധാരാമയ്യയ്ക്കെതിരെ എന്ന പേരിൽ ബിജെപി എംപി പ്രചരിപ്പിക്കുകയായിരുന്നുവെന്നും അതിനു ചില്ലറ ചർമ്മശേഷിയൊന്നും പോരെന്നും തോമസ് ഐസക് കുറിക്കുന്നു.
ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നോ, തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധമുണ്ടെന്നുള്ള ആധിയോ ഒന്നും അദ്ദേഹത്തിനില്ലെന്നും കിട്ടുന്നതെടുത്ത് ചാമ്പുകയാണെന്നും തോമസ് ഐസക് പരിഹസിക്കുന്നു. സംഘപരിവാറിന്റെ ഐടി സെല്ലിലെ ഏതെങ്കിലും ഒരു വ്യാജ ഐഡി അല്ല പ്രതിസ്ഥാനത്ത്. സാക്ഷാൽ രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസ് മുതൽ റിപ്പബ്ലിക് ടിവിയും റേഡിയോ ഇൻഡിഗോയും വരെ നീളുന്ന മാധ്യമസ്ഥാപനങ്ങളുടെ ഉടമ. രാജ്യസഭാ അംഗം. അസംഖ്യം പദവികൾ വേറെ. അദ്ദേഹത്തിന്റെ ട്വിറ്ററിലാണ് ഒരു നാലാംകിട നുണ പ്രത്യക്ഷപ്പെട്ടത്. റീ ട്വീറ്റു ചെയ്തത് സ്മൃതി ഇറാനിയെപ്പോലുള്ള പ്രമുഖർ. ഇതാണിവരുടെ രാഷ്ട്രീയസംവാദത്തിന്റെ നിലവാരം– ഐസക് തുറന്നടിക്കുന്നു.
മണിക്കൂറുകൾക്കകം ഈ പെരുങ്കള്ളം സോഷ്യൽ മീഡിയ പൊളിച്ചു. കള്ളം പ്രചരിപ്പിക്കാൻ സൗകര്യമുള്ളതുപോലെ, അവ പൊളിച്ചടുക്കാനും സോഷ്യൽ മീഡിയ പ്രാപ്തമാണ് എന്ന കാര്യം രാജീവ് ചന്ദ്രശേഖറിന് ഇതേവരെ മനസിലായിട്ടില്ല. ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും. ഐസക് പരിഹസിച്ചു
Leave a Reply