ടോം ജോസ് തടിയംപാട്

യുകെയിലെ ലിവര്‍പൂളിലെ കെന്‍സിംങ്ങ്ടണില്‍ താമസിക്കുന്ന തോമസ്‌കുട്ടി ജോര്‍ജിനെ (തൊമ്മനും മക്കളും) അറിയാത്തവര്‍ ലിവര്‍പൂളില്‍ ഉണ്ടാകാന്‍ ഇടയില്ല. കലാകയിക രഗംങ്ങളില്‍ സജീവമായി നില്‍ക്കുന്ന തൊമ്മന്‍ നാട്ടില്‍ നിന്നും ആര്‍ജിച്ച കര്‍ഷക സംസ്‌കാരം ഇപ്പോഴും കൈവിട്ടിട്ടില്ല എന്നു നമുക്ക് തൊമ്മന്റെ വീട്ടില്‍ ചെന്നാല്‍ അറിയാന്‍ കഴിയും. തൊമ്മനോട് സംസാരിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹം പഴയ കാലത്തെ ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാന്‍ തുടങ്ങും. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് രാവിലെ 5 മണിക്ക് എഴുന്നേറ്റ് കാളക്കു വെള്ളം കൊടുക്കുന്നത് മുതല്‍ മാരന്‍ ഇഞ്ചി പെറുക്കി ഷര്‍ട്ട് വാങ്ങിയ കഥ വരെ അതില്‍ ഉണ്ടാകും.

കെന്‍സിംങ്ങ്ടണിലെ തൊമ്മന്റെ വീടിന്റെ പുറകിലെ ഗാര്‍ഡനില്‍ ചെന്നാല്‍ ഓടി നടക്കുന്ന മുയല്‍, കാട, കോഴി മുതലായ വളര്‍ത്തു മൃഗങ്ങളെ കാണാം. കൂടാതെ പൂത്തു നില്‍ക്കുന്ന പയറും, തക്കാളിയും കുലച്ചു തൂങ്ങി കിടക്കുന്ന മുന്തിരി കുലകളും കാണാം. അതുമാത്രമല്ല വലിയ പ്ലാസ്റ്റിക് പൈപ്പ് തുളച്ചു അതില്‍ മണ്ണ് നിറച്ചു ചെറികൃഷി നടത്തിയിരിക്കുന്നതും കാണാം. നാട്ടിലുള്ള പ്ലാവ്, മാവ്, മുതലായ തുടങ്ങിയ മിക്ക കൃഷികളും ഇവിടുത്തെ വ്യത്യസ്തമായ കാലാവസ്ഥയെ അതിജീവിച്ചു നട്ടുപിടിപ്പിക്കാന്‍ തൊമ്മന്‍ ശ്രമിക്കുന്നുണ്ട്. ഇതൊന്നും ചെയ്യുന്നത് ഒരു സാമ്പത്തിക നേട്ടത്തിനും വേണ്ടിയാണ് എന്നു നിങ്ങള്‍ ചിന്തിക്കരുത്. ഫലം ലഭിക്കുമ്പോള്‍ ഇതെല്ലാം വെറുതെ സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്നു.

ഇങ്ങളെ ചെയ്യുന്നത്‌കൊണ്ട് എന്താണ് ലഭിക്കുന്നത് എന്ന ചോദ്യത്തിനു ഞാന്‍ കോട്ടയത്തെ അരീക്കര എന്ന ഗ്രാമത്തില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചയാളാണ്, ചെറുപ്പം മുതല്‍ കൃഷിയോടുള്ള സ്‌നേഹമാണ് ഇങ്ങനെ ചെയ്യാന്‍ കാരണമെന്ന് തൊമ്മന്‍ പറയും. അതുമാത്രമല്ല എന്തെങ്കിലും മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഈ കൃഷികളുടെയും വളര്‍ത്തു മൃഗങ്ങളുടെയും അടുത്തുകൂടി നടന്നു അവയോടു സംസാരിക്കുമ്പോള്‍ എല്ലാ വിഷമങ്ങളില്‍ നിന്നും ഒരു മോചനം ലഭിക്കുമെന്നും തൊമ്മന്‍ പറയുന്നു.

ഈ ലേഖകന്‍ വീട്ടില്‍ ചെന്നപ്പോള്‍ തൊമ്മന്‍ കോഴിക്കൂട്ടില്‍ പോയി മുട്ടകള്‍ എടുത്തുകൊണ്ടുവന്നു പൊരിച്ചു തന്നു. തൊമ്മന്റെ വീട്ടില്‍ അവശ്യമുള്ള മുഴുവന്‍ മുട്ടയും വളര്‍ത്തു കോഴികളില്‍ നിന്നു ലഭിക്കുന്നുണ്ട്. വീട്ടില്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന പാളത്തൊപ്പിയും ചെത്തുകത്തിയും മാട്ടവും എല്ലാം സൂക്ഷിച്ചിട്ടുണ്ട്. തൊമ്മന്റെ മറ്റൊരു പ്രത്യേകത ലിവര്‍പൂളിലെ എല്ലാ മലയാളികളുടെയും കാറിന്റെ നമ്പര്‍ മനഃപാഠമാണ് എന്നതാണ്.

പൊതുവേ അതിഥി തല്‍പ്പരനായ തൊമ്മന്‍ ഷെഫ് ആയിട്ടാണ് തന്റെ ജീവിതം ആരംഭിച്ചത്. ഗോവ, ബോംബെ, ഗള്‍ഫ് എന്നിവിടങ്ങളില്‍ ജോലി കഴിഞ്ഞാണ് യുകെയില്‍ എത്തിയത്. തൊമ്മന്റെ ഭാര്യ ഷൈനി റോയല്‍ ലിവര്‍പൂള്‍ ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലി നോക്കുന്നു. മൂന്നു മക്കളാണ് ഇവര്‍ക്കുള്ളത്. മക്കളും ഭാര്യയും തൊമ്മന്റെ ഈ കൃഷിപ്പണികള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നത് എന്നു തൊമ്മന്‍ പറഞ്ഞു.

തൊമ്മന്‍ കോട്ടയം അരീക്കര ചെറുകുഴി പുത്തന്‍ പുരയില്‍ കുടുംബാംഗമാണ്. ഷൈനി എസ് എച്ച് മൗണ്ട്, വടൂര്‍ കുടുംബാംഗമാണ്. സമൂഹത്തിന്റെ മുന്‍പന്തിയില്‍ എത്തിയപ്പോഴും കൃഷിയെയും, മൃഗങ്ങളെയും സ്‌നേഹിച്ച ഇന്ത്യുടെ മുന്‍ ഉപ പ്രധാനമന്തി ദേവിലാലും, പി ജെ ജോസഫും ഒക്കെ തൊമ്മനു മുന്‍പേ നടന്നവരായി നമുക്കു കാണാം.