തോപ്രാംകുടി വീണ്ടും തിളങ്ങുന്നു… സാജു തോമസിലൂടെ…

തോപ്രാംകുടി വീണ്ടും തിളങ്ങുന്നു… സാജു തോമസിലൂടെ…
July 16 21:21 2018 Print This Article

ജിസ് ജോൺ

പച്ചപ്പും നാട്ടിന്‍പുറത്തിന്റെ എല്ലാ വശ്യചാരുതയും നിറഞ്ഞു നില്‍ക്കുന്ന തോപ്രാംകുടിക്ക് സിനിമയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി. 80ശതമാനം കര്‍ഷകര്‍ താമസിക്കുന്ന തോപ്രാംകുടി ഒരുകാലത്ത് കുരുമുളകിന്റെ കേന്ദ്രമായിരുന്നു. വീണ്ടും വാര്‍ത്താ പ്രധാന്യമേറിയത് നേന്ത്രപ്പഴം കയറ്റിയയക്കുന്നതിനാലായിരുന്നു. ഇതിനെല്ലാം ഇടയിലാണ് സിനിമാക്കാര്‍ക്കും പ്രിയമുള്ള സ്ഥലമായി തോപ്രാംകുടി മാറിയത്. പളുങ്ക് എന്ന ചിത്രത്തില്‍ നാട്ടിന്‍പുറം ഷൂട്ട് ചെയ്തത് തോപ്രാംകുടിയിലായിരുന്നു. എന്നാല്‍ സിനിമയില്‍ തോപ്രാംകുടിയെ എല്ലാവരും അറിഞ്ഞത് മമ്മൂട്ടിയുടെ ലൗഡ് സ്പീക്കറിലൂടെയായിരുന്നു. വളരെയധികം അവാര്‍ഡുകള്‍ നേടിയ മഹേഷിന്റെ പ്രതികാരം തോപ്രാംകുടിയിലും പരിസര പ്രദേശത്തുമാണ് ഷൂട്ട് ചെയ്തത്. ഇതില്‍ തോപ്രാംകുടി സെന്റ് മരിയ ഗോരെത്തിസ്‌കൂള്‍ ഒരു പാട്ടില്‍ കാണുമ്പോള്‍ അവിടെ പഠിച്ച എല്ലാവരുടെയും മനസില്‍ പഴയകാല ഓര്‍മ്മകള്‍ വരുന്നു. വീണ്ടും ഒട്ടേറെ സിനിമകള്‍ തോപ്പില്‍ ജോപ്പന്‍ എന്ന സിനിമയും തോപ്രാംകുടി പേര് എടുത്തു കാണിക്കുന്നു.

തോപ്രാംകുടി എന്ന പേര് ഒരു ഭാഗ്യമായി സിനിമാക്കാര്‍ കരുതുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇതാ ഒരു തിരക്കഥാകൃത്തും തോപ്രാംകുടിയില്‍ നിന്ന് സാജു തോമസ്. മോഹന്‍ലാലിന്റെ ചിത്രമായ നീരാളിയുടെ തിരക്കഥാകൃത്താണ് സാജു തോമസ്. ജേർണലിസത്തില്‍ തന്റെ കഴിവ് തെളിയിച്ച സാജു തോമസ് ആദ്യമായ തിരക്കഥയെഴുതുന്നത് മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടിയാണ്.

സൗമ്യനായ ഏഴടിയിലേറെ പൊക്കക്കാരനായ സാജു തോമസ് സിനിമമാത്രം കണ്ട് മാധ്യമപ്രവര്‍ത്തനം പഠിക്കാനെത്തിയതായിരുന്നു. പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മോഹന്‍ലാല്‍ ചിത്രം നീരാളിയിലൂടെ ആ ആഗ്രഹം സഫലമായി. ചെറുപ്പം മുതലേ സിനിമ മനസിലുണ്ടായിരുന്നു. വളരെധികം തിരക്കഥകള്‍ ചെയ്തതിന് ശേഷമാണ് വിജയത്തിലെത്തുന്നത്.

നീരാളി ഒരു അതിജീവനത്തിന്റെ കഥയാണ്. നമ്മളെല്ലാം ഈ അടുത്ത ദിവസങ്ങളിലായി വാര്‍ത്തയില്‍ കണ്ടുകൊണ്ടിരിക്കുന്ന തായ്‌ലാന്റിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ട സംഭവവും അവരെ രക്ഷിക്കുന്ന ആ സമയത്ത് തന്നെ നീരാളിയും റിലീസാകുന്നതും അതിശയം തോന്നിപ്പിക്കുന്നതാണ്. മലയാളികള്‍ക്ക് ഒട്ടും സുപരിചിതമല്ലാത്ത അജോയ് വര്‍മ്മയും സാജു തോമസും ഇത്രയും വലിയ ഒരു പ്രോജെക്ടിന് പിന്നിലെന്നതും അതിശയം തോന്നിപ്പിക്കുന്ന കാര്യം തന്നെ. നീരാളിയുടെ 90 ശതമാനം ഷൂട്ടിംഗും നടന്നത് മുംബൈയിലാണ്. അതുപൊലെ തന്നെ ഈ ചിത്രത്തിന്റെ നാദിയ മോഹന്‍ലാല്‍ ജോടികള്‍ വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ജേർണലിസത്തിലൂടെ ഒട്ടേറെപ്പേര്‍ സിനിമയിലെത്തണമെന്ന് ആഗ്രഹിക്കുന്നു. അവര്‍ക്കെല്ലാം സാജു തോമസ് ഒരു പ്രചോദനമാകട്ടെ.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles