തോട്ടപ്പള്ളി കൽപ്പകവാടിയ്ക്ക് സമീപം ലോറിക്കുപിന്നിൽ കാറിടിച്ച് മൂന്നുപേർ മരിച്ചു. ദേശീയ പാതയിൽ തോട്ടപ്പള്ളി കൊട്ടാരവളവ് കല്പകവാടിക്ക് മുൻവശം ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.
ആലപ്പുഴ ഭാഗത്ത് നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് ടാർ കയറ്റിവന്ന ലോറിയ്ക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ചു കയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന ചെറിയഴീക്കൽ ആലുമ്മൂട്ടിൽ ശ്രീധരന്റെ മകൻ ബാബു (48), ബാബുവിന്റെ മക്കളായ അഭിജിത്ത് (20), അമൽജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബു സംഭവസ്ഥലത്തു വച്ചും മക്കൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയുമാണ് മരിച്ചത്. മരിച്ച ബാബുവിന്റെ ഭാര്യ ലിസി (37)യുടെ നിലയും ഗുരുതരമാണ്. ഇവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ബാബുവിന്റെ ജ്യേഷ്ഠന്റെ മകളുടെ അന്പലപ്പുഴ കാക്കാഴത്തുള്ള വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൽ പങ്കെടുത്തിട്ട് തിരികെ വരുന്ന വഴിയായിരുന്നു അപകടം. ബാബു മത്സ്യത്തൊഴിലാളിയാണ്. അമൽജിത്ത് കരുനാഗപ്പള്ളി ഗവ. ബോയ്സ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയിട്ടിയിരിയ്ക്കുകയായിരുന്നു.
മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഹരിപ്പാട് നിന്നുള്ള ഫയർഫോഴ്സ് സംഘം ലോറിയ്ക്കടിയിൽ കുടുങ്ങിയ കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഹൈവേ പോലീസ്, ഹരിപ്പാട് പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ഗതാഗത തടസം നീക്കി.
Leave a Reply