ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

കീവ്: തെക്കൻ യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ടായ ‘നോവ കഖോവ്ക’ ചൊവ്വാഴ്ചയുണ്ടായ വൻസ്ഫോടനത്തിൽ തകർന്നു. അണക്കെട്ടും ജലവൈദ്യുതനിലയവും തകർത്തത് റഷ്യയാണെന്ന് യുക്രൈൻ ആരോപിച്ചു. എന്നാൽ, സംഭവത്തിനുപിന്നിൽ യുക്രൈനാണെന്നാണ് റഷ്യയുടെ വാദം. ഡാം തകർച്ച, 16-ാം മാസത്തിലേക്ക് പ്രവേശിച്ച യുക്രൈൻയുദ്ധത്തെ കൂടുതൽ സംഘർഷഭരിതമാക്കുമെന്ന ആശങ്കയുയർത്തി. അണക്കെട്ട് തകർന്നതോടെ സമീപപ്രദേശങ്ങളിലേയ്ക്ക് വെള്ളം കുതിച്ചൊഴുകി. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ജനങ്ങളെ യുദ്ധകാലടിസ്ഥാനത്തിൽ ഒഴിപ്പിക്കുകയാണ്. ചിലഭാഗങ്ങളിൽ റോഡുകളും കെട്ടിടങ്ങളുമൊക്കെ പൂർണ്ണമായും വെള്ളത്തിനടിയിലായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിനുപിന്നാലെ യുക്രൈൻ പ്രസിഡൻറ് വോളോഡിമർ സെലെൻസ്‌കിയുടെ നേതൃത്വത്തിൽ ദേശീയ സുരക്ഷാസമിതി അടിയന്തരയോഗം ചേർന്നു. പുലർച്ചെ മൂന്നോടെ അണക്കെട്ടിനുള്ളിൽ റഷ്യൻസൈന്യം സ്ഫോടനം നടത്തുകയായിരുന്നുവെന്നും എൺപതിലധികം ജനവാസമേഖലകൾ അപകടത്തിലാണെന്നും സെലെൻസ്കി അറിയിച്ചു. ‘‘ഭീകരപ്രവർത്തനമാണിത്. കുറെ ദശകങ്ങൾക്കിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തം. പൂർണമായും റഷ്യൻസേനയുടെ നിയന്ത്രണത്തിലായിരുന്നു അണക്കെട്ട്. പുറത്തുനിന്ന് ആർക്കെങ്കിലും ഷെല്ലാക്രമണത്തിലൂടെയോ മറ്റോ ഡാം തകർക്കാൻ ഒരിക്കലും കഴിയില്ല. റഷ്യൻസേന തകർത്തതാണെന്ന് ഉറപ്പാണ്’’ -സെലെൻസ്കി പ്രതികരിച്ചു.

നൂറിലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാകുമെന്ന് യുക്രൈനിലെ ‘വേൾഡ് ഡേറ്റാ സെന്റർ ഫോർ ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് സസ്റ്റൈനബിൾ ഡെവലപ്മെന്റ്’ മുന്നറിയിപ്പുനൽകി. ദുരന്തത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതം തലമുറകളെ ബാധിക്കും. അഞ്ചുമുതൽ ഏഴുദിവസത്തിനുള്ളിലെ ജലനിരപ്പ് താഴുകയുള്ളൂവെന്നും സംഘടന പറയുന്നു. അണക്കെട്ട് തകർച്ച പതിനാറായിരത്തിലധികം ആളുകളെ നേരിട്ടുബാധിക്കുമെന്നാണ് കണക്കാക്കുന്നത്. നിപ്രോനദിയുടെ പടിഞ്ഞാറൻ തീരത്തുള്ള 19 ഗ്രാമങ്ങളും ഖേർസൺ നഗരത്തിന്റെ പ്രധാനഭാഗങ്ങളുമാണ് വലിയ വെള്ളപ്പൊക്കഭീഷണി നേരിടുന്നത്. അണക്കെട്ടു തകർന്നത് ക്രൈമിയയിലേക്കുള്ള കുടിവെള്ളവിതരണവും തടസ്സപ്പെടുത്തും.