ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലുടനീളമുള്ള ആയിരക്കണക്കിന് EE, BT ഉപഭോക്താക്കൾക്ക് മൊബൈൽ നെറ്റ്‌വർക്ക് തടസ്സപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വ്യാഴാഴ്ച രാവിലെ 11.15 ന് ഇന്റർനെറ്റ് തടസ്സങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ എന്ന വെബ്‌സൈറ്റിൽ EE-യുമായും അതിന്റെ മാതൃ കമ്പനിയായ BT-യുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചയ്ക്ക് 2.15 ഓടെയാണ് പരാതികൾ ഏറ്റവും ഉയർന്നത്. 2,600-ലധികം EE ഉപഭോക്താക്കൾ ആണ് മൊബൈൽ നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത് .
ഗ്ലാസ്‌ഗോ മുതൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരം വരെ യുകെയിലുടനീളമുള്ള ഉപഭോക്താക്കളെയാണ് തടസ്സം ബാധിച്ചത് . ലണ്ടൻ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ലീഡ്സ് എന്നിവിടങ്ങളിലെ ആളുകളാണ് ഏറ്റവും കൂടുതൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രശ്നങ്ങളെ കുറിച്ച് കടുത്ത ഭാഷയിലാണ് ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. മൊബൈലുകളിലും ലാൻഡ്‌ലൈനുകളിലും കോളുകൾ വിളിക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും EE യുടെ ഉപഭോക്തൃ സേവന നമ്പറിലേക്ക് ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും വ്യാപകമായ പരാതികൾ ആണ് ഉയർന്നു വന്നത്.
തങ്ങളുടെ സേവനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി പ്രവർത്തിക്കുകയാണെന്ന് BT യുടെ വക്താവ് പറഞ്ഞു. ഉണ്ടായ അസൗകര്യങ്ങളിൽ ഖേദിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. 2016 ലാണ് EE BT ഏറ്റെടുത്തത്. ഇവർക്ക് യുകെയിൽ ഉടനീളം 30 ദശലക്ഷം ഉപഭോക്താക്കൾ ആണുള്ളത്. 2025 മാർച്ച് വരെയുള്ള വർഷത്തിൽ അവരുടെ മൊത്തം വരുമാനം 20.4 ബില്യൺ പൗണ്ടാണ്.
Leave a Reply