ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻ.എച്ച്.എസ്‌ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികൾക്ക് ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഏകദേശം 18,000 അഡ്മിനിസ്ട്രേറ്റീവ്, മാനേജീരിയൽ സ്ഥാനങ്ങളാണ് ഒഴിവാക്കുന്നത്. ഇതിലൂടെ ഏകദേശം ഒരു ബില്ല്യൺ പൗണ്ട് ലഭിക്കാമെന്നാണ് കണക്കാക്കുന്നത് . എൻ എച്ച് എസ് ഇംഗ്ലണ്ട് എന്ന സ്ഥാപനം അടുത്ത രണ്ട് വർഷത്തിനകം നേരിട്ട് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാക്കാനാണ് സർക്കാരിന്റെ പദ്ധതി. ഈ മാറ്റം സർക്കാരിന്റെ ചെലവ് കുറയ്ക്കാനുള്ള ദീർഘകാല പദ്ധതി ആയാണ് കണക്കാക്കപ്പെടുന്നത് . എന്നാൽ അതോടൊപ്പം സംഘടനയുടെ സ്വതന്ത്രതയും പ്രവർത്തന ഫലപ്രാപ്തിയും കുറയുമെന്ന ഭയം ഉയരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിസ്തൃതമായ പുനഃസംഘടനയിലൂടെ ബ്യൂറോക്രസിയിൽ ചെലവാകുന്ന തുക കുറച്ച് മുന്നണി സേവനങ്ങൾക്ക് കൂടുതൽ തുക മാറ്റിവെക്കാമെന്നതാണ് സർക്കാരിന്റെ വാദം. എൻ.എച്ച്.എസിൽ അനാവശ്യമായ ഭരണ സ്ഥാനങ്ങൾ ഒഴിവാക്കി ആരോഗ്യ സേവനങ്ങളെ ശക്തിപ്പെടുത്തുക ആണ് സർക്കാരിന്റെ ലക്‌ഷ്യം എന്ന് ആരോഗ്യ മന്ത്രി വെസ് സ്ട്രീറ്റിങ് പ്രസ്താവിച്ചു . ഓരോ ബില്ല്യൺ പൗണ്ട് ചെലവ് കുറയ്ക്കുന്നത് 1,16,000 അധിക ഹിപ്പ്, കാൽമുട്ട് ശസ്ത്രക്രിയകൾക്ക് വേണ്ട ചെലവിനോട് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, നേഴ്‌സുമാരുടെയും ആരോഗ്യ സംഘടനകളുടെയും പ്രതിനിധികൾ ഈ നീക്കത്തെ “തെറ്റായ സാമ്പത്തികതന്ത്രം” എന്ന് വിശേഷിപ്പിക്കുന്നു. പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരെ നഷ്ടപ്പെടുന്നത് ഭാവിയിൽ രോഗി പരിചരണ നിലവാരം തകർക്കുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

, “ആയിരക്കണക്കിന് വിദഗ്ധരായ ആരോഗ്യപ്രവർത്തകരെ പിരിച്ചുവിടുന്നത് തെറ്റായ സാമ്പത്തിക തന്ത്രമാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗിന്റെ പ്രതിനിധിയായ പാട്രീഷ്യ മാർക്വിസ് അഭിപ്രായപ്പെട്ടു. എൻഎച്ച്എസ് ഇംഗ്ലണ്ട് പുനഃസംഘടനയിലൂടെ തൊഴിലാളികൾക്കിടയിൽ ആശങ്കയും അനിശ്ചിതത്വവും ഉയരുമ്പോൾ, മലയാളി നേഴ്‌സുമാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശ ജീവനക്കാർക്ക് ജോലി സുരക്ഷയെ കുറിച്ചുള്ള ഭയം വർധിച്ചിരിക്കുകയാണ്. ആരോഗ്യ സേവനങ്ങൾ നേരത്തെ തന്നെ ജീവനക്കാരുടെ ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ഇത്തരമൊരു വൻ പുനഃസംഘടന എൻ എച്ച് എസിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നതാണ് വിദഗ്ധരുടെ അഭിപ്രായം.