ലണ്ടന്‍: ഈയാഴ്ച പുറത്തു വരുന്ന ജിസിഎസ്ഇ ഫലങ്ങളില്‍ ആയിരക്കണക്കിന് കുട്ടികളുടെ ഗ്രേഡുകള്‍ തെറ്റായി രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇത്തവണ ഏര്‍പ്പെടുത്തിയ പുതിയ മൂല്യനിര്‍ണ്ണയ രീതിയാണ് പ്രശ്‌നത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ എ സ്റ്റാര്‍ മുതല്‍ ജി വരെ നല്‍കുന്ന രീതിക്കു പകരം 9 മുതല്‍ 1 വരെയുള്ള സംഖ്യകളാണ് ഗ്രേഡുകളായി നല്‍കുന്നത്. ഉയര്‍ന്ന ഗ്രേഡുകള്‍ ലഭിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന തടയുന്നതിനായി നടപ്പിലാക്കിയ പാഠ്യപദ്ധതി നവീകരണത്തില്‍ നിര്‍ദേശിച്ച രീതിയാണ് ഇത്.
ജിസിഎസ്ഇക്കു ശേഷം പുറത്തിറങ്ങുന്നവര്‍ ഉപരിപഠനത്തിന് ശ്രമിക്കുമ്പോളും ജോലികള്‍ക്ക് അപേക്ഷിക്കുമ്പോളും ഗ്രേഡുകള്‍ വ്യക്തമായി മനസിലാക്കുന്നതിനായാണ് ഈ രീതി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിശദീകരണം. എന്നാല്‍ ഒരു തരത്തിലും വിശ്വസിക്കാനാകാത്ത സമ്പ്രദായമാണ് ഇതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ഫലങ്ങളില്‍ കാര്യമായ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇംഗ്ലീഷിനുമാത്രം തെറ്റായ ഗ്രേഡ് ലഭിക്കുന്നവരുടെ എണ്ണത്തില്‍ 30 മുതല്‍ 45 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടായേക്കും.
വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡുകളേക്കാള്‍ ശതമാനം നല്‍കുന്ന മൂല്യനിര്‍ണ്ണയ രീതിയാണ് കൂടുതല്‍ മികച്ചതെന്നും വിദ്ഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബ്രിട്ടനിലെ വ്യവസായ പ്രമുഖരും പുതിയ സമ്പ്രദായത്തെ വിമര്‍ശിക്കുന്നു. ഈ രീതിയിലുള്ള ഗ്രേഡിംഗ് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും പഴയ രീതിയിലുള്ള ഗ്രേഡിംഗ് ആയിരിക്കും തൊഴില്‍ ദാതാക്കള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയെന്നും അവര്‍ വ്യക്തമാക്കി. പുതിയ രീതിയേക്കുറിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി 5 ലക്ഷം പൗണ്ട് ചെലവഴിച്ചുള്ള പദ്ധതി തയ്യാറായി വരികയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
Leave a Reply