ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ചില മോട്ടോർവേകളിലും എ-റോഡുകളിലും പ്രവർത്തിക്കുന്ന വേരിയബിൾ സ്പീഡ് ക്യാമറകളിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആയിരക്കണക്കിന് അമിത വേഗത്തിനുള്ള പിഴകൾ റദ്ദാക്കേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിനുശേഷമാണ് പിഴവ് ഉണ്ടായതെന്നാണ് ദേശീയ ഹൈവേ അതോറിറ്റിയുടെ വിശദീകരണം. വേഗപരിധി ഉയർത്തിയ ശേഷവും ക്യാമറകൾ പിഴ ചുമത്തിയതാണ് പ്രശ്നത്തിന് കാരണം.

2021 മുതൽ ഇതുവരെ ഏകദേശം 2,650 തെറ്റായ ഇത്തരം പിഴകൾ ചുമത്തപ്പെട്ടിട്ടുണ്ട് എന്നാണ് കണ്ടെത്തിയതെന്ന് ദേശീയ ഹൈവേ അറിയിച്ചു. ഇത് ആകെ ക്യാമറ പ്രവർത്തനങ്ങളുടെ 0.1 ശതമാനത്തിൽ താഴെ മാത്രമാണെന്നും, ദിവസത്തിൽ രണ്ട് എണ്ണത്തിലും കുറവാണെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ദേശീയ ഹൈവേ മേധാവി നിക് ഹാരിസ്, സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നും, പ്രശ്നം പരിഹരിക്കാൻ സാങ്കേതിക പരിഹാരം തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

തെറ്റായി പിഴ ചുമത്തപ്പെട്ടവരെ പോലീസ് നേരിട്ട് ബന്ധപ്പെടും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിഴ തുക തിരികെ നൽകുകയും ലൈസൻസിലെ പോയിന്റുകൾ ഒഴിവാക്കുകയും ചെയ്യും. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നതുവരെ വേരിയബിൾ സ്പീഡ് ക്യാമറകളിൽ നിന്നുള്ള പിഴ ചുമത്തൽ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി തുടരുമെന്നും, നിരപരാധികൾക്ക് ശിക്ഷ ഉണ്ടാകില്ലെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി.











Leave a Reply