ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ഭക്തലക്ഷങ്ങൾ. രാവിലെ 10.30ഓടെ ക്ഷേത്ര തിടപ്പള്ളിയിലെ പണ്ടാര അടുപ്പില്‍ നിന്ന് ലക്ഷക്കണക്കിന് പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നി പകർന്നതോടെ അനന്തപുരി അക്ഷരാർഥത്തിൽ യാഗഭൂമിയായി മാറി.
വരാനിരിക്കുന്ന അഭിവൃദ്ധിയുടെ സൂചനയായി പൊങ്കാലക്കലങ്ങളിൽ ദ്രവ്യങ്ങൾ തിളച്ചുതൂകി അമ്മയ്ക്ക് നിവേദ്യമാകുന്പോൾ ഇത് പുണ്യത്തിന്റെ പൊങ്കാലപ്പകൽ.
രാവിലെ പന്തീരടി പൂജയ്ക്കും ദീപാരാധനയ്ക്കും ശേഷമാണ് 10.30ഓടെ അടുപ്പുവെട്ട് നടന്നത്. തുടർന്ന് തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ശ്രീകോവിലില്‍ നിന്ന് ദീപം പകർന്നു. മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ചു. പിന്നാലെ സഹ മേല്‍ശാന്തി പണ്ടാര അടുപ്പിലേക്ക് ദീപം പകർന്നു. ഉച്ചകഴിഞ്ഞ് 2.30നാണ് നിവേദ്യം.
ചടങ്ങില്‍ മന്ത്രിമാരായ വി ശിവൻകുട്ടി, ജി.ആർ. അനില്‍, മേയർ ആര്യ രാജേന്ദ്രൻ, എംപിമാരായ ശശി തരൂർ, കെ. മുരളീധരൻ, എ.എ. റഹീം, ബിജെപി നേതാക്കളായ ഒ. രാജഗോപാല്‍, ജി. കൃഷ്ണകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വൈകിട്ട് 7.30ന് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്ക് ചൂരൽകുത്ത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. കുത്തിയോട്ടം, സായുധ പൊലീസ്, പഞ്ചവാദ്യം, കലാരൂപങ്ങൾ എന്നിവ അകമ്പടിയാകും.
Leave a Reply