ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്ലോറിസ് കൊടുങ്കാറ്റിൻെറ ആഘാതത്തിന് പിന്നാലെ സ്കോട്ട് ലൻഡിലുടനീളമുള്ള ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതിന് പുറമെ, നിരവധി ട്രെയിൻ സർവീസുകൾ ഇപ്പോഴും നിർത്തിവച്ചിരിക്കുകയാണ്. തിങ്കളാഴ്ച മണിക്കൂറിൽ 124 മൈൽ വരെ വേഗതയിൽ വീശിയടിച്ച ഫ്ലോറിസ് കൊടുങ്കാറ്റ് വടക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻഡിലും കനത്ത നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്.

ഇതിനോടകം 50,000 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏകദേശം 22,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി സ്കോട്ടിഷ്, സതേൺ വൈദ്യുതി ശൃംഖലകൾ (SSEN) റിപ്പോർട്ട് ചെയ്തു. ഫ്ലോറിസ് കൊടുങ്കാറ്റ് സമീപകാലത്തെ ഏറ്റവും നാശനഷ്ടമുണ്ടാക്കുന്ന വേനൽക്കാല കൊടുങ്കാറ്റാണെന്ന് SSEN പറയുന്നു. മോശം കാലാവസ്ഥ ട്രെയിൻ സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. സാധ്യമാകുന്നിടത്തെല്ലാം സേവനങ്ങൾ നിലനിർത്തുന്നതിനും വീണ മരങ്ങൾ നീക്കം ചെയ്യുന്നതിനും ജീവനക്കാർ അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് നെറ്റ്വർക്ക് റെയിൽ സ്കോട്ട് ലൻഡിന്റെ റൂട്ട് ഡയറക്ടർ റോസ് മൊറാൻ പറഞ്ഞു. അതേസമയം ന്യൂകാസിൽ മുതൽ വടക്കോട്ടേക്കുള്ള എല്ലാ റെയിൽ സർവീസുകളും ഈസ്റ്റ് കോസ്റ്റ് കമ്പനി നിർത്തിവച്ചിരിക്കുകയാണ്.

കൊടുങ്കാറ്റ് വിമാന സർവീസുകളെയും തടസപ്പെടുത്തിയിട്ടുണ്ട്. A-9, A-96, A-82, A-861, M-77 തുടങ്ങിയ ഹൈവേകളിലെല്ലാം ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സൗത്ത് ലാങ്ക്ഷെയർ, ന്യൂപോർട്ട്, സൗത്ത് വെയിൽസ് എന്നിവിടങ്ങളിൽ ഒട്ടേറെ സ്ഥലങ്ങളിൽ മരം കടപുഴകി ഗതാഗതം നിലച്ചു. മോശം കാലാവസ്ഥ സാംസ്കാരിക പരിപാടികളെയും ബാധിച്ചിട്ടുണ്ട്. ഗ്ലാസ്ഗോയിലെ പുതിയ സ്പൈഡർമാൻ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചു. കൂടാതെ എഡിൻബർഗ് ഫ്രിഞ്ച് ഫെസ്റ്റിവലിൽ 100-ലധികം ഷോകൾ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ കാലാവസ്ഥ ശാന്തമാകുമെന്നാണ് മെറ്റ് ഓഫീസിൻെറ പ്രവചനം.











Leave a Reply