ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടൈപ്പ് -1 പ്രമേഹമുള്ള രോഗികൾക്ക് കൃത്രിമ പാൻക്രിയാസ് നൽകുന്നതിനുള്ള നടപടികൾ എൻഎച്ച്എസ് ഇംഗ്ലണ്ട് ആരംഭിച്ചു. രാജ്യത്തെ പ്രമേഹ ചികിത്സയിൽ വൻ നാഴികക്കല്ലാകുമെന്ന് കരുതുന്ന നടപടിയാണ് ഇത്. 269,000 ടൈപ്പ് 1 പ്രമേഹരോഗികൾ രാജ്യത്ത് ഉണ്ടെന്നാണ് കണക്കുകൾ. ഇത്രയും ആളുകൾക്ക് കൃത്രിമ പാൻക്രിയാസ് നൽകുന്നതിന് 10 ബില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ മൊത്തം ബഡ്ജറ്റിന്റെ 10 ശതമാനത്തോളം വരും.
പരമ്പരാഗത രക്ത പരിശോധനയിൽ നിന്ന് വ്യത്യസ്തമായി ടൈപ്പ് 2 പ്രമേഹ ബാധിതരായുള്ള ഒരു വ്യക്തിയുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുടർച്ചയായി നിരീക്ഷിക്കപ്പെടുന്ന സംവിധാനമാണ് ആർട്ടിഫിഷ്യൽ പാൻക്രിയാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ്പ് സിസ്റ്റം എന്ന് വിളിക്കുന്ന ഈ സംവിധാനത്തിൽ മനുഷ്യ ശരീരത്തിലെ പാൻക്രിയാസ് പ്രവർത്തിക്കുന്നതു പോലെ തന്നെ ആവശ്യാനുസരണം ശരീരത്തിന് ആവശ്യമായ ഇൻസുലിൻ നൽകാനും സാധിക്കും. കൃത്രിമ പാൻക്രിയാസിന്റെ പ്രവർത്തനങ്ങൾ ഫോണിലുള്ള സോഫ്റ് റ്‌വെയറിൻ്റെ സഹായത്തോടെ നിരീക്ഷിക്കാനും സാധിക്കും.
ആർട്ടിഫിഷ്യൽ പാൻക്രിയാസിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ എൻഎച്ച്എസ്സിന്റെ പ്രാദേശിക കേന്ദ്രങ്ങളിൽ ഉടൻതന്നെ ആരംഭിക്കും. ഇതിനായുള്ള പ്രാരംഭ ചിലവുകൾക്കായി 2.5 മില്യൺ പൗണ്ട് ആണ് അനുവദിച്ചിരിക്കുന്നത്. പ്രമേഹമുള്ളവരിൽ ജീവൻ തന്നെ അപകടത്തിലാകുന്ന ഹൈപ്പോഗ്ലൈസെമിക്, ഹൈപ്പർ ഗ്ലൈസീമിയ എന്നീ പ്രശ്നങ്ങളെ തടയുന്നതിന് കൃത്രിമ പാൻക്രിയാസ് ഉപകരിക്കും.
Leave a Reply