രക്ഷിതാക്കളുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ കുരുങ്ങി ദരിദ്രരായ കുട്ടികള്‍ക്ക് സൗജന്യ സ്‌കൂള്‍ മീലുകള്‍ നിഷേധിക്കപ്പെടുന്നു. നോ റീകോഴ്‌സ് ടു പബ്ലിക് ഫണ്ടിംഗ് (NRPF) എന്ന അവസ്ഥയിലുള്ള കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റുകള്‍ ലഭിക്കില്ല. അങ്ങേയറ്റം ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഇത്തരക്കാരുടെ കുട്ടികള്‍ക്കാണ് സ്‌കൂളുകളില്‍ നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണം പോലും നിഷേധിക്കപ്പെടുന്നത്. വിഷയത്തില്‍ ക്യാംപെയിനര്‍മാരും ഹെഡ്ടീച്ചര്‍മാരും ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. എസെക്‌സിലെ ഇല്‍ഫോര്‍ഡിലുള്ള ഡൗണ്‍ഷാള്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്ടീച്ചറായ ഇയാന്‍ ബെന്നറ്റ് തന്റെ സ്‌കൂളില്‍ ഈ വിധത്തില്‍ ഭക്ഷണം നിഷേധിക്കപ്പെട്ട 12 കുട്ടികള്‍ക്കു വേണ്ടി എജ്യുക്കേഷന്‍ ബജറ്റില്‍ നിന്ന് പണമെടുക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി.

കടുത്ത് ഇമിഗ്രേഷന്‍ പോളിസികള്‍ ഈ കുരുന്നുകള്‍ക്ക് ശിക്ഷയാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് കുറച്ചുകൂടി സ്‌നേഹത്തോടെയുള്ള പരിഗണനയാണ് ആവശ്യം. സര്‍ക്കാര്‍ നയം ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ ഒന്നാം വര്‍ഷവും രണ്ടാം വര്‍ഷവും പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്നുണ്ട്. ഇതിന് ഇമിഗ്രേഷന്‍ സ്റ്റാറ്റസോ അഭയാര്‍ത്ഥിയാണോ എന്ന പരിഗണനകളൊന്നുമില്ല. എന്നാല്‍ ഇതിലും മുതിര്‍ന്നവര്‍ക്ക് സൗജന്യ മീലുകള്‍ അവരുടെ രക്ഷിതാക്കള്‍ ബെനഫിറ്റുകള്‍ക്ക് അര്‍ഹരാണോ എന്നതും എന്‍ആര്‍പിഎഫ് അവസ്ഥയും പരിഗണിച്ചു മാത്രമാണ് നല്‍കുന്നത്.

ഇവരില്‍ പലര്‍ക്കും ഭക്ഷണത്തിന് പണം നല്‍കാനുള്ള സാഹചര്യങ്ങളുമില്ലെന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ സഹായമാവശ്യപ്പെട്ട് ബെന്നറ്റ് ലോക്കല്‍ കൗണ്‍സിലിന് കത്തയച്ചെങ്കിലും പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഒരു കുട്ടിക്ക് പോലും ഇമിഗ്രേഷന്‍ സ്റ്റാറ്റസിന്റെ പേരില്‍ സൗജന്യ ഭക്ഷണം നിഷേധിക്കപ്പെടില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും 2012ല്‍ അവതരിപ്പിക്കപ്പെട്ട ഫാമിലി മൈഗ്രേഷന്‍ റൂള്‍ അനുസരിച്ച് പരിമിത കാലത്തേക്ക് യുകെയില്‍ താമസ സൗകര്യം അനുവദിച്ചിരിക്കുന്നവര്‍ക്ക് ബെനഫിറ്റുകള്‍ ലഭ്യമാകില്ല. കുട്ടികളുള്ള കുടുംബങ്ങള്‍ക്കു പോലും ഇത് ലഭിക്കില്ല. ഈ നയത്തിന്റെ ഇരകളാകുകയാണ് കുട്ടികള്‍ എന്നാണ് വിലയിരുത്തല്‍.