തൃശൂർ ∙ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫെയ്സ്ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചവരെയാണ് തൃശൂർ സിറ്റി പൊലീസ് പിടികൂടിയത്. എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ സ്വദേശികളായ പ്രതികൾ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

ബി.എൻ.എസ്.എസ് 72, 75 വകുപ്പുകളും ഐ.ടി. ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അന്വേഷണത്തിൽ ഇരുന്നൂറിലേറെ സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിച്ചതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട ലിങ്കുകളും സൈറ്റുകളും പൊലീസ് കണ്ടെത്തി നശിപ്പിച്ചതായി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കേസിലെ വിധിക്ക് പിന്നാലെ വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും ഗുരുതരമായ നിയമലംഘനവുമാണെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷക്ക് അർഹമാണെന്ന മുന്നറിയിപ്പും പൊലീസ് നൽകി.