ഓരോ ക്ലാസ് മുറികളിലെയും മൂന്ന് കുട്ടികള്‍ വീതം സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് മുന്നറിയിപ്പ്. യുകെയിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് ചാരിറ്റിയായ ബര്‍ണാര്‍ഡോസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജാവേദ് ഖാനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സൃഷ്ടിക്കുന്ന ഈ പ്രതിസന്ധി തരണം ചെയ്യുന്നതിനായി ചില്‍ഡ്രന്‍സ് സര്‍വീസുകള്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ ബുള്ളിയിംഗ്, ലൈംഗിക ചൂഷണങ്ങള്‍, ഗ്രൂമിംഗ്, ഗെയിമിംഗ് അഡിക്ഷന്‍ തുടങ്ങിയവ സോഷ്യല്‍ മീഡിയയിലൂടെയും ഇന്റര്‍നെറ്റിലൂടെയും കുട്ടികള്‍ നേരിടുന്നുണ്ട്.
സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജാവേദ് ഖാന്‍ പറയുന്നു. എന്നാല്‍ വേണ്ടവിധത്തില്‍ സേവനം നല്‍കാന്‍ ചില്‍ഡ്രന്‍സ് സര്‍വീസുകള്‍ക്ക് സാധിക്കുന്നില്ല. വളരെ ചുരുങ്ങിയ സൗകര്യങ്ങള്‍ മാത്രമാണ് സര്‍വീസുകള്‍ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന അനേകം കുട്ടികളെ കാണാന്‍ കഴിഞ്ഞതായി 60 ശതമാനം സോഷ്യല്‍ വര്‍ക്കര്‍മാരും വിദ്യാഭ്യാസ, നിയമപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും പറഞ്ഞതായി കഴിഞ്ഞ ദിവസം പുറത്തു വിട്ട യുഗോവ് പോള്‍ റിപ്പോര്‍ട്ടില്‍ ചാരിറ്റി വ്യക്തമാക്കുന്നു.
7000 കുട്ടികളില്‍ നടത്തിയ ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ക്ലാസിലും സാമൂഹിക പശ്ചാത്തലത്തിലും നിന്നുള്ള കുട്ടികള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ഖാന്‍ വ്യക്തമാക്കി. ഓരോ ക്ലാസ് മുറിയിലും മൂന്ന് കുട്ടികള്‍ക്കെങ്കിലും സ്ഥിരീകരിക്കാവുന്ന വിധത്തില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. ഇത് പകര്‍ച്ചവ്യാധിക്കു തുല്യമായ അവസ്ഥയാണെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.
Leave a Reply