കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദൂരൂഹത മരണപ്പെട്ട മോഹനൻ്റെ ബന്ധുക്കൾ രംഗത്തെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, മകന്‍ ആദര്‍ശ് എന്നിവരാണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. രാവിലെ മോഹനൻ്റെ പലചരക്ക് കടയിലെത്തിയവരാണ് മോഹനൻ്റെ മരണവിവരം ആദ്യമറിഞ്ഞത്. ഇവർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി മുറി തുറന്നാണ് മൃതദേഹങ്ങൾ താഴെയിറക്കിയത്.

മോഹനനെയും മകൻ ആദര്‍ശിനെയും വീട്ടിലെ ഹാളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മിനിയുടെ മൃതദേഹം കിടപ്പുമുറിയിലായിരുന്നു തൂങ്ങി നിന്നത്. അതേസമയേ ഇവർ ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യേണ്ട സാഹചര്യം മോഹനനും കുടുംബത്തിനുമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി മോഹനൻ്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.

വീടിനോട് ചേര്‍ന്നുതന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനന്‍. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ തന്നെ അതിൻ്റെ യാതൊരുവിധ സൂചനകളും മോഹനൻ നൽകിയിരുന്നുമില്ല. കഴിഞ്ഞ ദിവസം കടതുറന്നു പ്രവർത്തിച്ചിരുന്നു. ഇന്നു രാവിലെ സാധനങ്ങൾ വാങ്ങാനെത്തിയവരാണ് കൂട്ട ആത്മഹത്യയുടെ വിവരം ആദ്യമറിയുന്നത്. പതിവു സമയം കഴിഞ്ഞിട്ടും കടതുറക്കാത്തതിനെ തുടർന്ന് അവർ അന്വേഷണം നടത്തിയപ്പോഴാണ് മൂന്നു പേരും ആത്മഹത്യ ചെയ്തതായി മനസ്സിലായത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് ചവിട്ടിത്തുറന്നാണ് വീടിനകത്തു കയറിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടിലെ ജനങ്ങളുമായി സഹകരണം പുലർത്തി വന്നിരുന്ന വ്യക്തിയാണ് മോഹനനെന്ന് നാട്ടുകാരും പറയുന്നു. പെട്ടെന്നുള്ള ആത്മഹത്യയ്ക്ക് എന്താണ് കാരണമെന്ന് മനസ്സിലാകുന്നില്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ബാധ്യതയുടേയോ മറ്റു പ്രശ്നങ്ങളുടേയോ കാര്യങ്ങൾ മോഹനന് ഉണ്ടെന്നു തോന്നുന്നില്ല. ഇത്തരത്തിലുള്ള കാര്യങ്ങളൊന്നും ഇതുവരെ ആരുമായും പങ്കുവച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.

മോഹനൻ്റെ മകൻ ആദർശ് കാറളം വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർത്ഥിയാണ്. മോഹനൻ്റെ മുത്തമകളുടെ വിവാഹം കഴിഞ്ഞു. അവർ ഭർത്താവിനൊപ്പം വിദേശത്താണ് താമസം. മകളെ വിവരം അറിയിച്ചിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. മരണത്തെ സംബന്ധിച്ച് കൂടുതൽ അന്വേഷണമുണ്ടാകണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു.