മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിനടുത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പത്തു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ മണിമൂളില്‍ നടന്ന അപകടത്തില്‍ സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. രണ്ടു പേര് ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, ഫിദ എന്നിവരുടെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഒരാള്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അപകടത്തിപെട്ടവര്‍ക്ക് ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. പരിക്കേറ്റവരെ എടക്കര ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഗുരുതരാവസ്ഥയില്‍ ഉള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയേക്കും.
കര്‍ണാടകാ റജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുയായിരുന്നു കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി ഒരു ബൈക്കിലും ഒരു ബസിലും, ഒരു ടോറസ്, ഒരു ഓട്ടോ എന്നിവയിലെല്ലാം ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്.
ലോറിയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടിച്ചു വെച്ചിട്ടുള്ളതായിട്ടാണ് വിവരം. അധ്യാപകരും രക്ഷകര്‍ത്താക്കളുമെല്ലാം ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായിട്ടാണ് വിവരം. കൂടുതല്‍ പരിക്കുള്ള കുട്ടികളെ എടക്കര ആശുപത്രിയില്‍ നിന്നും നിലമ്പൂര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റും. ബസ് കാത്തുനിന്ന രണ്ടു നാട്ടുകാര്‍ക്കും പരിക്കേറ്റിണ്ട്. വഴിക്കടവിലെ വലിയ വളവുള്ള പ്രദേശമായതിനാല്‍ അതിവേഗതയില്‍ വാഹനം വരാന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
Leave a Reply