ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു എസ് :- ചരക്ക് കപ്പലിന് നേരെ ഉണ്ടായ ഹൂതി മിസൈൽ ആക്രമണത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ കൊല്ലപ്പെട്ടു. ബാർബഡോസിനുവേണ്ടി സർവീസ് നടത്തുന്ന എം.വി ട്രൂ കോൺഫിഡൻസ് എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത്തരത്തിൽ ആദ്യമായാണ് ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണത്തിൽ ആളപായം ഉണ്ടാകുന്നത്. ഗൾഫ് ഓഫ് ഏഡൻ കടലിൽ വച്ചാണ് കപ്പലിന്റെ നേരെ ആക്രമണം ഉണ്ടായതെന്ന് യുഎസ് മിലിറ്ററി അധികൃതർ വ്യക്തമാക്കി. ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ പലസ്തീനികളെ പിന്തുണയ്ക്കാനാണ് തങ്ങളുടെ ആക്രമണമെന്ന് ഹൂതികൾ വ്യക്തമാക്കി. സംഭവത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ കൊല്ലപ്പെടുകയും, നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി മിഡിൽ ഈസ്റ്റിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് സെൻ്റ്കോം വ്യക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തുകയും, അന്താരാഷ്ട്ര നാവികരുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്നതായി അവർ സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ഹൂതി നാവികസേനയുടെ മുന്നറിയിപ്പുകൾ ട്രൂ കോൺഫിഡൻസ് സംഘം അവഗണിച്ചതായി ഇറാൻ പിന്തുണയുള്ള ഹൂതി ഗ്രൂപ്പ്‌ തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞു. ഒരു ഇന്ത്യക്കാരനും, നാല് വിയറ്റ്നാം സ്വദേശികളും, 15 ഫിലിപ്പിൻ സ്വദേശികളുമടക്കം 20 ക്രൂ അംഗങ്ങൾ ആയിരുന്നു ആക്രമിക്കപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. ഇവരോടൊപ്പം തന്നെ, രണ്ട് സായുധരായ ഗാർഡുകളും കപ്പലിൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യെമൻ നഗരമായ ഏദനിൽ നിന്ന് 50 നോട്ടിക്കൽ മൈൽ (93 കിലോമീറ്റർ) തെക്ക് പടിഞ്ഞാറാണ് ആക്രമണം നടന്നതെന്ന് കപ്പൽ വക്താവ് നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കപ്പലിനെതിരെയുള്ള ആക്രമണത്തിന് പിന്നാലെ, ഹൂതികളുടെ നിയന്ത്രണത്തിലുള്ള ചെങ്കടൽ തുറമുഖ നഗരമായ ഹുദൈദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് യുഎസ് നേതൃത്വത്തിലുള്ള രണ്ട് വ്യോമാക്രമണങ്ങൾ ബുധനാഴ്ച വൈകുന്നേരം നടന്നതായി അൽ-മസീറ ടിവി റിപ്പോർട്ട് ചെയ്തു.