ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വില്യം രാജകുമാരനും ഭാര്യ കെയ്റ്റും മൂന്ന് മക്കളും നിലവിലെ താമസസ്ഥലമായ വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടൻ പാലസിൽ നിന്നും രാജ്ഞിയുടെ വിൻഡ്സർ എസ്റ്റേറ്റിലെ അഡിലെയ് ഡ് കോട്ടേജിലേക്ക് താമസം മാറ്റുവാൻ തീരുമാനമായിരിക്കുകയാണ്. വിൻഡ്സർ കാസ്റ്റിലിൽ നിന്നും ഏകദേശം 10 മിനിറ്റ് നടക്കാനുള്ള ദൂരം മാത്രമാണ് ഇവരുടെ കോട്ടേജിലേക്ക് ഉള്ളത്. ജോർജ്, ഷാർലറ്റ്, ലൂയിസ് എന്നീ ഈ മൂന്ന് മക്കളെയും പ്രശസ്തമായ ലാംബ്രൂക് സ്കൂളിൽ ചേർക്കാനും ദമ്പതികൾ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികൾക്ക് സാധാരണ ജീവിതം അനുഭവവേദ്യമാക്കുന്നതിനാണ് ഇത്തരമൊരു നീക്കം എന്നാണ് ദമ്പതികൾ വ്യക്തമാക്കിയത്. കഴിഞ്ഞവർഷം മുതൽ തന്നെ ഇത്തരം ഒരു നീക്കം ഇവർ തീരുമാനിച്ചിരുന്നതായി ഈ സെപ്റ്റംബർ മുതൽ കുട്ടികൾ സ്കൂളിൽ പോയി തുടങ്ങുമെന്നും രാജകുടുംബ അധികൃതർ സൂചിപ്പിച്ചു. 2007 മുതൽ ഇവർ കെൻസിങ്ടൻ കൊട്ടാരത്തിൽ ആയിരുന്നു താമസിച്ചിരുന്നത്. കുട്ടികളുടെ വളർച്ചയെ പരിഗണിച്ചാണ് ഇത്തരം ഒരു നീക്കം എന്നാണ് രാജകുടുംബാധികൃതരും വ്യക്തമാക്കുന്നത്.


രാജ്ഞിയുടെ വസതിയോട് അടുത്തുള്ള വില്യം രാജകുമാരന്റെ താമസം ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തെ സൂചിപ്പിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പൊതുജന ശ്രദ്ധയിൽ നിന്നും മാധ്യമങ്ങളിൽ നിന്നും വിട്ടു കുട്ടികൾക്ക് ഒരു സാധാരണ ജീവിതം ലഭ്യമാക്കാനും ഇവർക്ക് ഇവിടെ സാധിക്കും. അധികം സൗകര്യങ്ങളൊന്നും ഇല്ലാത്ത അഡിലെയ്ഡ് കോട്ടേജ് തിരഞ്ഞെടുക്കാനുള്ള ദമ്പതികളുടെ തീരുമാനവും ശ്രദ്ധേയമാണ്. 1831ൽ വില്യം നാലാമന്റെ ഭാര്യയായ അഡിലെയ്ഡ് രാജ്ഞിക്ക് വേണ്ടിയാണ് ഈ കോട്ടേജ് നിർമ്മിച്ചത്.