മൂന്നംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. കഴക്കൂട്ടം കുളത്തൂരിൽ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടത്. പട്ടത്തെ ഒക്സല്‍ സൂപ്പര്‍ ഷോപ്പിയില്‍ ജീവനക്കാരിയായിരുന്നു സിന്ധു. കുളത്തൂര്‍ മണ്‍വിള കുന്നുംപുറത്ത് ബാലന് - സുന്ദരി ദമ്പതികളുടെ മകളാണ്. കാര്യവട്ടം സി.എസ്.ഐ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാരോണ്‍.
നാടിനെ ഞെട്ടിച്ച ഈ സംഭവത്തിന് പിന്നിൽ പരപുരുഷ ബന്ധമാണെന്ന് സംശയമാണ് ഇപ്പോൾ ഉയരുന്നത്. മകള്‍ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നതായും, വിളിക്കുമ്പോളൊക്കെ അയാള്‍ക്കൊപ്പം പോയിരുന്നതായും സിന്ധുവിന്റെ അച്ഛന് ബാലന് പറയുന്നു. “അവള്‍ക്കൊരു കൂട്ടുകാരനുണ്ട്. ജോണി എന്നാണ് പേര്.അവന് എവിടെ വിളിച്ചാലും ഇവള് പോകും. ഉള്ള സത്യമാണ് പറയുന്നത്. എനിക്ക് കള്ളം പറയേണ്ട കാര്യമില്ല”- അദ്ദേഹം പറഞ്ഞു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പൊലീസിന്റെ നിഗമനം. വഴക്കിനൊടുവില്‍ ഭാര്യയെയും മകനെയും കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. സിന്ധുവിന്റെ മൃതദേഹം അടുക്കളയിലും ഷാരോണിന്റേത് കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടത്.
കിടപ്പുമുറിയിലെ ജനലിന് സമീപത്തെ തടിയില്‍ പ്ലാസ്റ്റിക് ചരടില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വീടുവയ്ക്കാനായി സുരേഷ് കൊഞ്ചിറയില്‍ വാങ്ങിയ സ്ഥലത്ത് സംസ്കരിക്കും. കന്യാകുളങ്ങര കൊഞ്ചിറ സിയോന്‍കുന്ന് തടത്തരികത്ത് വീട്ടില്‍ ജോണ്സണ് -ഓമന ദമ്പതികളുടെ മകനായ സുരേഷ് ഒരുവര്‍ഷം മുന്‍പാണ് ഭാര്യയും മകനുമൊപ്പം കുളത്തൂരില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. മുന്‍പ് കന്യാകുളങ്ങരയില്‍ ആട്ടോ ഡ്രൈവറായിരുന്ന സുരേഷ് പിന്നീട് ഗള്‍ഫില്‍ പോയി ഫെബ്രുവരി 20ന് തിരിച്ചെത്തി. മടങ്ങിപ്പോകുന്നില്ലെന്ന് തീരുമാനിച്ച് രണ്ടാഴ്ച മുമ്ബ് ആട്ടോറിക്ഷ വാങ്ങി ഓട്ടം തുടങ്ങി. വ്യാഴാഴ്ച രാത്രി സുരേഷ് വീട്ടിലെത്തിയ ശേഷം ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി.
അടുക്കളയില്‍ പാത്രം കഴുകുകയായിരുന്ന സിന്ധുവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം മകന് ഷാരോണിനെയും അതേ കയര്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെ ആറരയ്ക്ക് സിന്ധുവിന്റെ അനുജത്തിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്ക് സുരേഷിന്റെ വോയിസ് കാള്‍ വന്നു. എട്ടു മണിക്ക് വീട്ടില്‍ എത്തണമെന്നായിരുന്നു സന്ദേശം. പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. രാവിലെ മെസേജ് ശ്രദ്ധയില്‍പ്പെട്ട അനുജത്തിയുടെ ഭര്‍ത്താവ് പലവട്ടം തിരികെ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് സിന്ധുവിന്റെ അമ്മ പതിനൊന്നു മണിയോടെ വീട്ടില്‍ എത്തിയപ്പോഴാണ് സുരേഷ് തൂങ്ങി നില്‍ക്കുന്നത് കണ്ടത്. കതക് തുറന്നിട്ടിരിക്കുകയായിരുന്നു. അവര്‍ ഉടനെ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് സിന്ധുവിന്റെയും ഷാരോണിന്റെയും മൃതദേഹം കണ്ടത്.
Leave a Reply