അനധികൃതമായി ബെംഗളൂരുവില്‍ തങ്ങിയ മുന്ന് പാക് പൗരന്‍മാരും ഒപ്പമുണ്ടായിരുന്ന മലയാളി യുവാവും അറസ്റ്റില്‍. ബെംഗളൂരു കുമാരസ്വാമി ലേഒൗട്ടില്‍ നിന്ന് ഇന്നലെ രാത്രിയാണ് സിറ്റി ക്രൈം ബ്രാഞ്ച് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് തീവ്രവാദബന്ധമില്ല എന്നാണ് പ്രാഥമിക നിഗമനം. വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തു

മലയാളിയായ മുഹമ്മദ് ഷിഹാബ് ഭാര്യയും കറാച്ചി സ്വദേശിയുമായ സമീറ സുഹൃത്തുക്കളായ കിരണ്‍ , ഷംസുദ്ദീന്‍ എന്നിവരെയാണ് ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഒന്‍പത് മാസമായി വ്യാജ പേരുകളിലാണ് ഇവര്‍ ബെംഗളുരുവില്‍ കഴിഞ്ഞിരുന്നത്. വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഖത്തറിലെ ജോലിസ്ഥത്തുവെച്ചാണ് മുഹമ്മദ് ഷിഹാബും സമീറയും അടുപ്പത്തിലാകുന്നത്. വിവാഹിതരായെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് വരുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി.

മസ്ക്കറ്റില്‍ നിന്ന് കാഠ്മണ്ഡുവില്‍ വന്ന് തുടര്‍ന്ന് റോഡ് മാര്‍ഗമാണ് ബെംഗളൂരുവില്‍ എത്തിയത്. പ്രാഥിമിക അന്വേഷണത്തില്‍ പിടിയിലായവര്‍ക്ക് തീവ്രവാദബന്ധമില്ലെന്നാണ് സൂചന. എങ്കിലും സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.