ലണ്ടന്‍: കൗണ്‍സിലുകള്‍ മാലിന്യ സം്‌സ്‌കരണത്തിലും ചെലവുകുറയ്ക്കാന്‍ സമ്മര്‍ദ്ദമേറിയതോടെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന കാലയളവ് വര്‍ദ്ധിക്കുന്നു. വീടുകളിലെ പ്ലാസ്റ്റിക് പോലെയുള്ള ദ്രവിക്കാത്ത മാലിന്യം കൗണ്‍സിലുകള്‍ ഇപ്പോള്‍ രണ്ടാഴ്ചയിലൊരിക്കലാണ് സംഭരിക്കുന്നതെന്ന് പ്രസ് അസോസിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇംഗ്ലണ്ടിലെ മിക്ക കൗണ്‍സിലുകളും ഈ വിധത്തിലാണ് മാലിന്യ സംഭരണം നടത്തുന്നത്. അവയില്‍ ആറ് കൗണ്‍സിലുകള്‍ മൂന്നാഴ്ചയില്‍ ഒരിക്കല്‍ മാത്രമാണേ്രത ഇത്തരം മാലിന്യം സംഭരിക്കുന്നത്.

ഇംഗ്ലണ്ടിലെ 326 ലോക്കല്‍ കൗണ്‍സിലുകളില്‍ 248 എണ്ണവും രണ്ടാഴ്ചയിലൊരിക്കലാണ് ഖരമാലിന്യ സംഭരണം നടത്തുന്നത്. ഭക്ഷണ മാലിന്യം ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ വേറെയാണ് സംഭരിക്കുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നുള്‍പ്പെടെ ഇത്തരം മാലിന്യം സംഭരിക്കുന്നത് കൃത്യമായിത്തന്നെ നടക്കുന്നുണ്ട്. ചില കൗണ്‍സിലുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാലിന്യം ശേഖരിക്കുമ്പോള്‍ ചിലര്‍ ആഴ്ചയിലൊരിക്കല്‍ ഖരമാലിന്യം ശേഖരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

മാലിന്യ ശേഖരണം കാലങ്ങളായി വിവാദങ്ങള്‍ക്ക് കാരണമാണ്. മാലിന്യം ശേഖരിക്കപ്പെടുകയെന്നത് മൗലികാവകാശമാണെന്നാണ് ടോറി മന്ത്രിസഭ അവകാശപ്പെടുന്നത്. സഖ്യകക്ഷി മന്ത്രിസഭയുടെ കാലത്ത് 250 മില്യന്‍ പൗണ്ട് ഇതിനായി അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫണ്ടുകള്‍ കുറയുന്നതും 2020ഓടെ റീസൈക്ലിംഗ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കൗണ്‍സിലുകള്‍ നിര്‍ബന്ധിതമാകുന്നതും സംഭരണത്തിലും മാലിന്യ സംസ്‌കരണത്തിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.