ന്യൂസ് ഡെസ്ക് മലയാളം യുകെ

പത്ത് വയസ്സുകാരി സാറാ ഷെരീഫിന്റെ മരണത്തിൽ ദുരൂഹത തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സറേയിലെ വോക്കിംഗിലുള്ള വീട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന മൂന്നു പേർ രാജ്യം വിട്ടതായാണ് പോലീസ് അറിയിച്ചത്. മൃതദേഹത്തിന്റെ ഔപചാരികമായ തിരിച്ചറിയൽ ഇതുവരെ നടത്തിയിട്ടില്ല. ഹാമണ്ട് റോഡിൽ സാറയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും ഉണ്ട് .


നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നലെ ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടത്തുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. സാറയെ പരിചയമുള്ള മൂന്നുപേർ സംഭവത്തിനുശേഷം രാജ്യം വിട്ടതാണ് ദുരൂഹത ഉയ ർത്തുന്നത്. ഈ മൂന്നു പേരെ കണ്ടെത്താൻ വിദേശരാജ്യങ്ങളിലെ കുറ്റാന്വേഷണ ഏജൻസികളുടെ സഹായം തേടാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. സാറയുടെ മരണത്തെക്കുറിച്ച് അറിയാമെന്ന് കരുതുന്ന മൂന്നുപേരെ കുറിച്ചുള്ള ഒരു വിവരവും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.


തന്റെ ജീവിതത്തിലെ നഷ്ടത്തിന് ഒന്നും ഒരു പരിഹാരമാവുകയില്ല എന്ന് സംഭവങ്ങളെക്കുറിച്ച് കണ്ണീരോട് സാറയുടെ അമ്മ ഓൾഗ ഷെരീഫ് മാധ്യമങ്ങളോട് പറഞ്ഞു. നേരിട്ട ദുരന്തത്തിൽ നിന്ന് മകളെ രക്ഷിക്കാനായില്ലെന്നും അവളോടൊപ്പമുള്ള നല്ല ഓർമകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു . സാറയുടെ കൊലപാതകത്തിലെ പ്രതികളുമായുള്ള വിചാരണ ഒരുപക്ഷേ നീണ്ടുപോകാനുള്ള സാധ്യതകളിലേയ്ക്ക് ലണ്ടനിലെ പീറ്റേഴ്സ് ആന്റ് പീറ്റേഴ്സിലെ ലോ സ്പെഷ്യലിസ്റ്റായ അന്ന ബ്രാഡ്‌ഷോ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വിദേശ പൗരന്മാരെ കൈമാറുന്നതിൽ മിക്ക രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങൾ നിലനിൽക്കുന്നതാണ് അതിന് കാരണമായി അവർ ചൂണ്ടി കാണിച്ചത്.