ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇംഗ്ലണ്ട് :- 2018 ൽ ഈസ്റ്റ്‌ബോണിലെ വീട്ടിൽ നടന്ന തീപിടുത്തത്തിൽ അമ്മയും നാലുവയസ്സുകാരൻ മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ കുറ്റക്കാരെന്ന് കോടതി വിധി. മുപ്പത്തിനാലുകാരിയായ ജിന ഇങ്ങൽസും, മകൻ മിലോ ഇങ്ങൽസുമാണ് 2018 ജൂലൈയിൽ ഈസ്റ്റ്‌ബോണിലെ വീട്ടിൽ വച്ച് കൊല്ലപ്പെട്ടത്. ജിനയുടെ ഭർത്താവ് ടോബി ജാരറ്റിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.ജിനയുടെ ഭർത്താവുമായുള്ള പണമിടപാടിൽ വന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജേക്കബ് ബെർണാർഡ്, ആൻട്രു മിൽനെ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരോടൊപ്പം ഉള്ള മൂന്നാമൻ ജോൺ ടബാക്കിസും കുറ്റക്കാരനെന്ന് കോടതി വിലയിരുത്തിയെങ്കിലും, ജാമ്യം അനുവദിച്ചു. മറ്റു രണ്ടു പേരുടെ വിധി വെള്ളിയാഴ്ച ഉണ്ടാകുമെന്ന് ജഡ്ജി അറിയിച്ചു.
മനപ്പൂർവ്വം ആയുള്ള കൊലപാതകശ്രമം ആണ് ഇരുവരും നടത്തിയത്. വീടിനു പുറത്ത് അധികൃതർ പെട്രോൾ കാനും, ലൈറ്ററും മറ്റും കണ്ടെത്തിയിരുന്നു. കുറ്റക്കാരിൽ ഒരാളായ ബർണാഡിന്റെ വിരലടയാളം ലൈറ്ററിൻെറ മുകളിലും, ആൻട്രുവിന്റെ വിരലടയാളം പെട്രോൾ കാനിന്റെ മുകളിലും ഫോറൻസിക് അധികൃതർ കണ്ടെത്തിയിരുന്നു. ഇതോടൊപ്പം തന്നെ അടുത്തുള്ള സിസിടിവിയിൽ തീ കത്തിയ ഉടൻതന്നെ രണ്ടുപേർ ഓടിപ്പോകുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
മുഖ്യപ്രതിയായ ബർണാഡ് സെക്കൻഡ് ഹാൻഡ് കാറുകളുടെ വിൽപ്പന നടത്തുന്ന ആളാണ്. യുകെയിൽ നിന്നും കാറുകൾ വാങ്ങി പോർച്ചുഗലും മറ്റുമാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. ഇതോടൊപ്പംതന്നെ മയക്കുമരുന്ന് കച്ചവടവും അദ്ദേഹം നടത്തിയിരുന്നതായി പോലീസ് അധികൃതർ വ്യക്തമാക്കുന്നു. ആൻട്രു ഇദ്ദേഹത്തിന്റെ പണപ്പിരിവുകാരനായി ജോലിചെയ്തുവരികയായിരുന്നു. മരിച്ച ജിനയുടെ പങ്കാളി ടോബിക്കു ഒരു പ്രാദേശിക ഡ്രഗ് ഡീലറിലൂടെ, ബർണാർഡുമായി കടബാധ്യത ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.
ആക്രമണത്തിൽ ടോബിക്കും സാരമായി പരിക്കേറ്റിരുന്നു. അമ്മയുടെയും മകന്റെയും മൃതദേഹം ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്തിയത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ഇരുവർക്കും നീണ്ട ശിക്ഷ ലഭിക്കുമെന്നാണ് ജഡ്ജി വിലയിരുത്തിയത്. ഈ കേസിലെ അന്വേഷണം വളരെ നീണ്ടതും സങ്കീർണവും ആയിരുന്നുവെന്ന് സീനിയർ ഇൻവെസ്റ്റിഗേറ്റീങ്ങ് ഓഫീസർ ഗോർഡൺ ഡെൻസ് ലോ പറഞ്ഞു.
Leave a Reply