കേരളം കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം. ഉമ തോമസിന്‍റെ വിജയം 24,300 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ്. മണ്ഡലത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.

ആദ്യ രണ്ട് റൗണ്ടിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ തന്നെ ഉമ തോമസ് വിജയം ഉറപ്പിച്ചിരുന്നു. ഭൂരിപക്ഷം എത്രയായിരിക്കും എന്നു മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് ലീഡ് നേടാനായില്ല.

ആകാംക്ഷയുടെ മണിക്കൂറുകള്‍ക്ക് വിരാമമിട്ട് രാവിലെ എട്ട് മണിയോടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ യു.ഡി.എഫിന് ഒരു വോട്ടിന്റെ ലീഡ്. ആകെയുള്ള 10 പോസ്റ്റല്‍ വോട്ടുകളില്‍ ഉമാ തോമസിന് മൂന്നും എല്‍.ഡി.എഫിനും ബി.ജെ.പിക്കും രണ്ട് വീതം വോട്ടും ലഭിച്ചു. മൂന്നെണ്ണം അസാധുവായി. 21 ബൂത്തുകളുള്ള ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഉമാ തോമസിന് 2249 വോട്ടിന്റെ ലീഡ്. ഇത്രയും ബൂത്തുകളില്‍ കഴിഞ്ഞ തവണ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടി വോട്ട്. അപ്പോഴേക്കും വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളജിന് പുറത്തും ഡിസിസി ഓഫീസിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.

ആദ്യ റൗണ്ടിൽ കഴിഞ്ഞ തവണ 1258 ആയിരുന്നു പി.ടി തോമസിന്‍റെ ലീഡ്. അതേസമയം ഉമ തോമസ് 2249 വോട്ടിന്‍റെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ 1180 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഉമയ്ക്ക് 1969 വോട്ടിന്‍റെ ലീഡ് ലഭിച്ചു. മൂന്നാം റൌണ്ടില്‍ 597 വോട്ടിന്‍റെ ലീഡാണ് പി.ടിക്ക് ഉണ്ടായിരുന്നതെങ്കില്‍ 2371 വോട്ടിന്‍റെ ലീഡ് ഉമ സ്വന്തമാക്കി. നാലാം റൌണ്ടില്‍ പി.ടിയുടെ ലീഡ് 1331 വോട്ടായിരുന്നു. എന്നാല്‍ ഉമയുടെ ലീഡ് 2401 വോട്ടാണ്. ഇങ്ങനെ ഓരോ റൌണ്ടിലും ഉമ തോമസ് ലീഡ് ഉയര്‍ത്തിക്കൊണ്ടുവന്നു.

പിന്നീട് എണ്ണിയ ഓരോ ബൂത്തും ഉമ തോമസിന്റെ ഭൂരിപക്ഷം ഉയര്‍ത്തിക്കൊണ്ടിരുന്നു. നാലാം റൗണ്ട് കൂടി കഴിഞ്ഞതോടെ ലീഡ് 12,000 കടന്നു. ഏഴാം റൗണ്ട് എത്തിയപ്പോള്‍ 2021ല്‍ പി.ടി തോമസ് നേടിയ ഭൂരിപക്ഷവും മറികടന്ന് ലീഡ് 14,903ലെത്തി. കുതിപ്പ് ഓരോ ഘട്ടത്തിലും തുടര്‍ന്നുകൊണ്ടേയിരുന്നു

കുറച്ച് കാലങ്ങൾക്കുശേഷം വിജയത്തിന്റെ സന്തോഷം അനുഭവിക്കാനുണ്ടായ അവസരം അറിഞ്ഞ് പ്രതികരിക്കുകയാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരുമിപ്പോൾ. തൃക്കാക്കരയിലെ ഉമ തോമസിന്റെ വൻ മുന്നേറ്റത്തിന്റെ ആത്മവിശ്വാസവും ആഹ്ലാദവും നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളിലും പ്രകടമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉമയെ നിയമസഭയിലേക്ക് സ്വാഗതം ചെയ്താണ് ഷാഫി പറമ്പില്‍ രംഗത്തെത്തിയത്. വി.ടി.ബല്‍റാമിന്‍റെ പ്രതികരണം ഇങ്ങനെ: ‘തെറ്റ് തിരുത്താനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു, ജനം കേട്ടു. തിരുത്തി, തൃക്കാക്കരക്കാർ ചെയ്തു കേരളത്തിന് വേണ്ടി’. ‘ഹൃദയാഘാതം’ എന്നാണ് ടി.സിദ്ദിഖിന്റെ ഫെയ്സ്ബുക്കിലൂടെയുള്ള ആദ്യ പ്രതികരണം. ‘സെഞ്ച്വറി അല്ല ഇഞ്ച്വറി’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ പരിഹാസം.

പിന്നിൽ ചേർന്ന് നിൽക്കാൻ ഇഷ്ടമാണ്. ക്യാപ്റ്റൻ (ഒറിജിനൽ) എന്ന അടിക്കുറിപ്പോടെ വി.ഡി.സതീശനോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടാണ് ഹൈബി ഈടൻ സന്തോഷം പ്രകടിപ്പിച്ചത്. ‘അപ്പോളേ പറഞ്ഞില്ലേ പോരണ്ടാ പോരാണ്ടാന്ന് ’എന്ന വിഡിയോ പങ്കിട്ട് ഹൈബിയുടെ ഭാര്യ അന്നയും സമൂഹമാധ്യമത്തിലൂടെ ആഹ്ലാദം അറിയിച്ചു.

കെ.വി. തോമസിന്റെ പോസ്റ്റര്‍ കത്തിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍. ഉമാ തോമസ് വിജയമുറപ്പിച്ച ഘട്ടത്തില്‍ കെ.വി. തോമസിന്റെ വീടിന് മുന്നിലും യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആഹ്‌ളാദപ്രകടനം നടത്തി. യു.ഡി.എഫിന് ജയ് വിളിച്ചും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ യു.ഡി.എഫ്. മുന്നേറ്റം ആഘോഷിച്ചത്.

തിരുത മീനുമായി എത്തിയ പ്രവര്‍ത്തകര്‍ തോമസ് മാഷിന്റെ ചിത്രം കത്തിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് നടന്ന സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി വിലക്കിയിട്ടും സെമിനാറില്‍ പങ്കെടുത്തത് മുതല്‍ കെ.വി. തോമസ് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തുകയാണെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്ക്.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ രംഗത്ത് വരികയും ഇടതുപക്ഷത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തതോടെ എല്ലാം നല്‍കിയ പാര്‍ട്ടിയെ കെ.വി. തോമസ് ചതിച്ചുവെന്ന വികാരമായിരുന്നു പ്രവര്‍ത്തകര്‍ക്ക്.