ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത സിനിമാ നിർമ്മാതാവ് സിറാജുദ്ദീനെ റിമാൻഡ് ചെയ്തു. ദുബായിൽ നിന്ന് സ്വർണം കടത്തിയതിന്റെ മുഖ്യ സൂത്രധാരൻ സിറാജുദീനാണെന്നും മുൻപും ഇയാൾ സ്വർണം കടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സിറാജുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാൾ കോടതി പരിഗണിക്കും.

ഇറച്ചിവെട്ട് യന്ത്രത്തിൽ മാത്രമല്ല മുൻപും കാർഗോ വഴി ദുബായിൽ നിന്നും നാട്ടിലെത്തിച്ച പല ഉപകരണങ്ങളിലും സിറാജുദ്ദീൻ സ്വർണം കടത്തിയിരുന്നതായി കസ്റ്റംസ് കോടതിയിൽ അറിയിച്ചു. വിവിധ വിമാനത്താവളങ്ങൾ വഴിയും തുറമുഖങ്ങൾ വഴിയും സിറാജുദ്ദീൻ സ്വർണം കടത്തിയിട്ടുണ്ട്. അടുത്ത കാലത്താണ് തൃക്കാക്കര നഗരസഭ ചെയർമാന്റെ മകൻ ഷാബിനും സംഘവുമായി സിറാജുദ്ദീൻ ബന്ധം സ്ഥാപിച്ചത്. സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് ഒരു കോടിയോളം രൂപ സ്വർണ്ണക്കടത്തിനായി സിറാജുദ്ദീന് കൈമാറി. ഹവാല ഇടപാട് വഴിയാണ് പണം ദുബായിലെത്തിച്ചതെന്ന് ഷാബിൻ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്.

നേരത്തെ തന്നെ സിറാജുദ്ദീൻ സ്വർണം കടത്തുന്നത് അറിയാമെന്നും ഷാബിൻ മൊഴി നൽകി. ഗൾഫിൽ നിന്ന് ചെന്നൈ വഴി കൊച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവേ ഇന്നലെയാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്റെ ജാമ്യം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി മറ്റന്നാള്‍ പരിഗണിക്കും.