എരുമപ്പെട്ടി കടങ്ങോട് കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനു സമീപം ഗൃഹനാഥനെയും ഭാര്യയെയും രണ്ടു മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. കടബാധ്യതയിലായിരുന്ന കുടുംബം ബ്ലേഡ് മാഫിയയുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബാങ്കുകാരുടെ ജപ്തി അറിയിപ്പും ലഭിച്ചിരുന്നു.
കടങ്ങോട് കൊട്ടിലിൽ പറമ്പിൽ സുരേഷ് കുമാർ (37), ഭാര്യ ധന്യ (33), മക്കളായ വൈഗ (ഒൻപത്), വൈശാഖി (ആറ്) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സുരേഷ് കുമാർ വീട്ടുമുറ്റത്തെ മാവിൻകൊമ്പിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യയും കുട്ടികളും വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിലുമായിരുന്നു. ഇരട്ടക്കുട്ടികളിലൊരാളായ മകൾ വൈഷ്ണവിയെ (ഒൻപത്) നാട്ടുകാർ കിണറ്റിൽ നിന്നു രക്ഷപ്പെടുത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വൈഷ്ണവി അപകടനില തരണം ചെയ്തു.
സ്വകാര്യ കുറിക്കമ്പനി നടത്തിയിരുന്ന സുരേഷ്കുമാർ പലിശയ്ക്കു വൻ തുക കടമെടുത്തിരുന്നുവെന്നും ബ്ലേഡ് മാഫിയ ഇദ്ദേഹത്തിന്റെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നെന്നും നാട്ടുകാർ പറയുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ യുവാക്കൾ റോഡിനു സമീപം സുരേഷ് കുമാറിന്റെ വീട്ടുമുറ്റത്തെ കിണറ്റിൽനിന്നു കരച്ചിൽ കേട്ടു നോക്കിയപ്പോഴാണ് കിണറ്റിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടന്നു കരയുകയായിരുന്ന വൈഷ്ണവിയെ കണ്ടത്.
യുവാക്കൾ കുട്ടിയെ കിണറ്റിലിറങ്ങി പുറത്തെടുക്കവെയാണ് മൂന്നു മൃതദേഹങ്ങൾ കിണറ്റിൽ കണ്ടത്. സുരേഷ് കുമാറിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. വീട്ടുമുറ്റത്ത് നിന്ന് ഉറക്കഗുളികകളുടെ ഒഴിഞ്ഞ കവറുകൾ ലഭിച്ചു. മരിച്ച രണ്ടു കുട്ടികളെയും ഉറക്കഗുളിക നൽകി മയക്കിയ ശേഷം കിണറ്റിലെറിഞ്ഞതായാണു വൈഷ്ണവി നൽകുന്ന സൂചന. മരുന്നു കഴിക്കാൻ കൂട്ടാക്കാതിരുന്നതിനാൽ സുബോധമുണ്ടായിരുന്ന വൈഷ്ണവി പമ്പിന്റെ പൈപ്പിൽ പിടിച്ചുകിടന്നു രക്ഷപ്പെടുകയായിരുന്നു.
അമ്മയും സഹോദരിമാരും മരിച്ചുകിടക്കുന്ന കിണറ്റിൽ രാത്രി മുഴുവൻ കരച്ചിലോടെ പിടിച്ചുനിന്നാണു വൈഷ്ണവി രക്ഷപ്പെട്ടത്. കുന്നംകുളം ഡിവൈഎസ്പി പി. വിശ്വംഭരൻ, സിഐ രാജേഷ് കെ. മേനോൻ എസ്ഐ വനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മരിച്ച വൈഗയും വൈശാഖിയും കടങ്ങോട് പാറപ്പുറം ഗവ. എൽപി സ്കൂളിലെ വിദ്യാർഥികളാണ്.