വാഹനങ്ങള്‍ പരിശോധിക്കാന്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ചില വണ്ടികള്‍ക്ക് ഇളവു നല്‍കാറുണ്ട്. വണ്ടിയില്‍ ചെറിയ കുട്ടികളെ കണ്ടാല്‍ തടയാറില്ല. കുടുംബയാത്രയെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് ഇത്തരം ഇളവുകള്‍ നല്‍കാറുള്ളത്. കഞ്ചാവ് കടത്തുമ്പോള്‍ പൊലീസിന്‍റേയും എക്സൈസിന്റേയും കണ്ണില്‍പ്പെടാതെ എങ്ങനെ കടത്താമെന്നാണ് ഇത്തരം സംഘങ്ങള്‍ ആലോചിക്കുക. അങ്ങനെ, ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ചാവക്കാട്ടെ വീട്ടമ്മ കണ്ടെത്തിയ വഴി മക്കളെ കൂടെയിരുത്തി കാറില്‍ യാത്ര ചെയ്യുക. പതിനേഴു വയസുള്ള മൂത്ത മകനോടും പതിനൊന്നു വയസുള്ള പെണ്‍കുട്ടിയോടും കോയമ്പത്തൂരില്‍ ബിസിനസ് യാത്രയ്ക്കു പോകുകയാണെന്ന് ധരിപ്പിച്ചു. ഇലക്ട്രോണിക്സ്, തുണി കച്ചവടത്തിനാണ് യാത്രയെന്ന് വിശ്വസിപ്പിച്ചു.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കോയമ്പത്തൂരില്‍ പോകും. കാര്‍ വാടകയ്ക്കെടുത്താണ് യാത്ര. കോയമ്പത്തൂരില്‍ നിന്ന് ചാവക്കാട്ട് വരെയുള്ള യാത്രയ്ക്കിടെ പലപ്പോഴും പൊലീസ് കൈകാണിക്കാറുണ്ട്. കാറിനുള്ളില്‍ മക്കളെ കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍തന്നെ വണ്ടി വിട്ടോളാന്‍ പറയും. ഒറ്റത്തവണ കാറില്‍ കൊണ്ടുവരുന്നത് പത്തു കിലോ കഞ്ചാവാണ്. ആഴ്ചയില്‍ ഇരുപതു കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നു. ഒരു ലക്ഷം രൂപ വരെ ലാഭം കിട്ടും ആഴ്ചയില്‍. ഈ ലാഭം മോഹിച്ചാണ് സുനീറ കഞ്ചാവ് കടത്താന്‍ ഇറങ്ങിതിരിച്ചത്. ആദ്യ രണ്ടു വിവാഹങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം മൂന്നാമതൊരാള്‍ക്കൊപ്പമാണ് താമസം. കോഴിക്കോട്ടുകാരനാണ് മൂന്നാം ഭര്‍ത്താവ്. ചാവക്കാട് തൊട്ടാപ്പിലാണ് വാടകയ്ക്കു താമസം. മൂന്നു മാസം കൂടുമ്പോള്‍ വാടക വീട് മാറികൊണ്ടിരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദമ്പതികള്‍ കുടുംബസമേതം യാത്ര ചെയ്ത് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം കിട്ടിയത് ഗുരുവായൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിനായിരുന്നു. വീട് കണ്ടുപിടിച്ച് നിരീക്ഷണത്തിലാക്കി. ഇതിനിടെ എക്സൈസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ കോയമ്പത്തൂരിലേക്ക് പോയി. തിരിച്ചുവന്ന ഉടനെ, ഭര്‍ത്താവ് കാറുമായി സ്ഥലംവിട്ടു. എക്സൈസ് സംഘം വീട്ടില്‍ എത്തിയപ്പോള്‍ കിട്ടിയത് അഞ്ചു കിലോ കഞ്ചാവ്. മക്കളെ സുനീറയുടെ അമ്മയെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. കഞ്ചാവ് കടത്തിന്‍റെ വിവരങ്ങള്‍ സുനീറ ഓരോന്നായി എക്സൈസിന് മുമ്പില്‍ വെളിപ്പെടുത്തി. പെട്ടെന്നു കാശുണ്ടാക്കാനുള്ള കുറുക്കുവഴിയായി മൂന്നാം ഭര്‍ത്താവ് കണ്ടുപിടിച്ചതായിരുന്നു കഞ്ചാവ് കടത്ത്. സുനീറയേയും മക്കളേയും കൂടെക്കൂട്ടി കാറില്‍ കഞ്ചാവ് കടത്തി വന്‍തുക കൈക്കലാക്കി. കേസില്‍ കോഴിക്കോട്ടുക്കാരനെ കൂടി എക്സൈസ് പ്രതി ചേര്‍ത്തേക്കും.