കൊടുങ്ങല്ലൂരില്‍ കോവിഡ് ബാധിച്ച് മരിച്ച യുവാവിന്റെ അവസാന സന്ദേശങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ‘കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പാരസെറ്റമോള്‍ കഴിച്ചു മാത്രം കോവിഡ് പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കരുത്.’ – എന്നാണ് അവസാനമായി യുവാവ് പറയുന്നത്.

യുവാവ് ആശുപത്രിയില്‍ നിന്നു സുഹൃത്തുക്കള്‍ക്കു അയച്ച സന്ദേശത്തിലെ വരികളാണിത്. സന്ദേശം അയച്ചു വൈകും മുന്‍പേ യുവാവ് മരണത്തിനു കീഴടങ്ങി. ചന്തപ്പുര പെട്രോള്‍ പമ്പിനു സമീപം ശ്രീരാഗം മൊബൈല്‍ ഷോപ്പ് ഉടമ ആല വെസ്റ്റ് പുത്തന്‍കാട്ടില്‍ ക്ഷേത്രത്തിനു സമീപം ഗോപിയുടെ മകന്‍ കണ്ണന്‍ (40) ആണ് മരിച്ചത്.

ഏപ്രില്‍ 22 നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആദ്യ ദിവസങ്ങളില്‍ കാര്യമായ ചികിത്സ നടത്തിയില്ല. പിന്നീട് പനി കുറയാതെ ആയപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2 ആഴ്ചയ്ക്കു ശേഷം നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ ബാധിച്ചു.

ഇതിനിടയിലാണ് സുഹൃത്തുക്കള്‍ക്കു ശബ്ദ സന്ദേശം അയച്ചത്. ആശുപത്രി കിടക്കയില്‍ കിടന്നു രോഗാവസ്ഥ കണ്ണന്‍ വിവരിക്കുകയായിരുന്നു. ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ വ്യാഴാഴ്ച രാത്രിയാണു മരിച്ചത്. സംസ്‌കാരം നടത്തി. ഭാര്യ: രാധിക.