തൃശൂര്‍ അന്തിക്കാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ നിധിലിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന അക്രമി സംഘം എത്തിയത് സനല്‍ ഓടിച്ച കാറിലാണ്. മുറ്റിച്ചൂര്‍ സ്വദേശിയായ സനല്‍ നട്ടെല്ലിനു കാന്‍സര്‍ ബാധിച്ച് ചികില്‍സയിലാണ്. കൊലയാളി സംഘത്തിലൊരാള്‍ വികലാംഗനാണെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. കാരണം, വടി കുത്തിപ്പിടിച്ചാണ് ഒരാള്‍ നടന്നിരുന്നത്. അത്, സനലായിരുന്നു.

കാന്‍സര്‍ ബാധിച്ചതിനാല്‍ നട്ടെല്ലിന് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിനു ശേഷം നേരാവണ്ണം നടക്കാന്‍ സനലിനു കഴിയില്ല. അതുക്കൊണ്ട് വടി കുത്തിപിടിച്ചാണ് നടക്കാറുള്ളത്. തൃശൂര്‍ പാലിയേക്കരയില്‍ നിന്ന് കാര്‍ വാടകയ്ക്കെടുത്തു. ചേര്‍പ്പിലെ വാടക വീട്ടിലാണ് സനല്‍ ഉള്‍പ്പെടെ നാലു പേര്‍ താമസിച്ചിരുന്നത്. നിധില്‍ അന്തിക്കാട് സ്റ്റേഷനില്‍ ഒപ്പിടാന്‍ വരാറുള്ളത് പ്രതികള്‍ക്ക് അറിയാമായിരുന്നു. രാവിലെ നല്ലവണ്ണം മദ്യപിച്ച ശേഷമാണ് ചേര്‍പ്പിലെ വാടക വീട്ടില്‍ നിന്നിറങ്ങിയത്. നേരെ പോയത്, അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തേയ്ക്കായിരുന്നു. സനല്‍ മാത്രം മദ്യപിച്ചിരുന്നില്ല.

അന്തിക്കാട് സ്റ്റേഷന്‍ പരിസരത്തുവച്ച് നിധിലിനെ അക്രമി സംഘം കണ്ടു. പക്ഷേ, കൂടെ മൂന്നോ നാലോ പേര്‍ ഉണ്ടായിരുന്നു. പദ്ധതി ഉപേക്ഷിച്ച് ഇവര്‍ മടങ്ങി. വഴിയരികിലെ മരച്ചുവട്ടില്‍ വിശ്രമിച്ചു. വീണ്ടും, അന്തിക്കാട് ഭാഗത്തേയ്ക്കു പോകാനായി കാറെടുത്തു. മാങ്ങാട്ടുകരയില്‍ എത്തിയപ്പോഴാണ് നിധിലിന്റെ നീല കാര്‍ എതിരെ വരുന്നത് കണ്ടത്. കാറില്‍ തനിച്ചാണെന്ന് മനസിലായതോടെ അതേവേഗതയില്‍തന്നെ നേര്‍ക്കുനേര്‍ കാറിലിടിച്ചു. കാറില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിധിലിനെ അക്രമി സംഘം വെട്ടിവീഴ്ത്തി. കാറില്‍ നിന്നിറങ്ങിയ സനലും വെട്ടാന്‍ ശ്രമിച്ചു. ഇതിനിടെയാണ്, വിരലിന് സ്വന്തം സംഘാംഗങ്ങളുടെ പക്കല്‍ നിന്ന് തന്നെ വെട്ടു കൊണ്ടത്. വിരല്‍ അറ്റുതൂങ്ങിയ നിലയിലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിധില്‍ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കാറില്‍ രക്ഷപ്പെടാനായിരുന്നു അക്രമി സംഘത്തിന്റെ ശ്രമം. കാര്‍ സ്റ്റാര്‍ട്ടായില്ല. ഉടനെ, അതുവഴി വന്ന മറ്റൊരു കാര്‍ മഴുവും വാളും കാട്ടി കൊലയാളി സംഘം തടഞ്ഞു. കാറ്ററിങ് നടത്തിപ്പുകാരനായ യുവാവായിരുന്നു കാറില്‍. ആയുധങ്ങള്‍ കണ്ടതോടെ കാര്‍ നിര്‍ത്തി കാറ്ററിങ്ങുകാരന്‍ ഓടി. ഈ കാറുമായി കൊലയാളി സംഘം രക്ഷപ്പെട്ടു. വഴിമധ്യേ, സനലിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയിലേക്ക് വിട്ടു.
തൃശൂര്‍ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കാണ് പോയത്. അപകടത്തില്‍ വിരല്‍ അറ്റു തൂങ്ങിയതാണെന്ന് ആശുപത്രിക്കാരോട് പറഞ്ഞു. അടിയന്തര ശസ്ത്രക്രി വേണ്ടതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു. ആംബുലന്‍സിലാണ് സനല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. കൊലയാളി സംഘത്തെ പൊലീസ് തിരയുമ്പോള്‍ പ്രതി ആംബുലന്‍സില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു.

കൊലയാളി സംഘത്തിലെ ഒരാള്‍ക്ക് പരുക്കേറ്റതായി നാട്ടുകാര്‍ പൊലീസിന് വിവരം കൈമാറിയിരുന്നു. ജില്ലയിലെ എല്ലാ ആശുപത്രികളിലും പൊലീസ് അന്വേഷിച്ചു. വികലാംഗനായി നാട്ടുകാര്‍ പറഞ്ഞ ആള്‍ സനലാണെന്ന് പൊലീസ് മനസിലാക്കിയിരുന്നു.
വടി കുത്തിപ്പിടിച്ചു നടക്കുന്ന ക്രിമിനല്‍ സംഘാംഗം സനലാണെന്ന് അന്തിക്കാട്ടെ പൊലീസുകാര്‍ക്ക് അറിയാമായിരുന്നു. തൃശൂരിലെ പൊലീസ് സംഘം നേരെ സ്വകാര്യ ആശുപത്രിയില്‍ എത്തി. അപ്പോഴാണ്, സനല്‍ ആശുപത്രി വരാന്തയിലൂടെ വോക്കറിന്‍റെ സഹായത്തോടെ നടക്കുന്നത് കണ്ടത്. കയ്യോടെ പിടികൂടി പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ‘നീ സനല്‍ അല്ലേടാ’ പൊലീസിന്റെ ചോദ്യത്തിനു മുമ്പില്‍ ആദ്യം പതറി. പിന്നെ, ഓരോ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി. വിരലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. പൊലീസ് കാവലില്‍ ആശുപത്രിയില്‍ തുടരുകയാണ്. കൂട്ടുപ്രതികളുടെ പേരുകളെല്ലാം സനല്‍ വെളിപ്പെടുത്തിയിട്ടുണ്ട്.