തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് ഒടുവില്‍ അനുമതി. അനുമതി തരാന്‍ വൈകിപ്പിച്ച റവന്യൂ, എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധവുമായി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകള്‍ രംഗത്ത് വന്നിരുന്നു. പൂരക്കാഴ്ച്ചയുടെ പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് വെടിക്കെട്ട്. നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. അതേസമയം വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് കാലതാമസം ഉണ്ടാകുന്നത് സ്വഭാവികമാണെന്ന് ജില്ലാ കലക്ടര്‍ പ്രതികരിച്ചു.
വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചു. നാളെ നടക്കേണ്ട വെടിക്കെട്ടിന് വലിയ തയ്യാറെടുപ്പുകളാണ് ഇരു വിഭാഗങ്ങളും നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വെടിക്കെട്ടിന്റെ മാറ്റ് കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ തവണത്തേക്കാളും കൂടുതല്‍ പൂരപ്രേമികള്‍ ഇത്തവണ തൃശൂരിലെത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് നടക്കുന്ന സമീപ പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. നേരത്തെ തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്ക് കലക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരുന്നു.
Leave a Reply