അയർലൻണ്ട് : ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഹെലന്‍ സാജുവിന്റെ മരണത്തിന്റെ നടുക്കം മാറുന്നതിന് മുൻപേ അയർലണ്ടിലുള്ള ലീമെറിക്കിനെ കണ്ണീരിലാഴ്ത്തി മലയാളി നഴ്‌സിന്റെ അപ്രതീക്ഷിത നിര്യാണം. ലീമെറിക്ക് സെന്റ് ജോണ്‍സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ടിനി സിറിളാണ് (37 ) ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നര മണിയോടെ നിര്യാതയായത്. പാലാ കത്തീഡ്രല്‍ ഇടവകാംഗം ഇല്ലിമൂട്ടില്‍ സിറിള്‍ ജോയിയുടെ ഭാര്യയാണ് ടിനി. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അയര്‍ലണ്ടില്‍ എത്തിയ ടിനി ലീമെറിക്കിലെ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യവും ഏവര്‍ക്കും സുപരിചിതയുമായിരുന്നു.
ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനിയെ സര്‍ജറിയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാൽ ശാസ്ത്രക്രിയക്ക് ശേഷം രക്തസ്രാവം നിലയ്ക്കാതെ വന്നതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഭര്‍ത്താവ് സിറിള്‍ ജോയി ലിമറിക്കിലെ മൗണ്ട് ട്രെന്‍ഛാഡ് ഹോട്ടലിലെ സീനിയര്‍ ഷെഫായി ജോലി ചെയ്യുന്നു. എടത്വ നീലിക്കാട്ടില്‍ കുടുംബാംഗമാണ് പരേത. രണ്ട് മക്കളാണ് ഇവർക്കുള്ളത്. എട്ടുവയസുകാരി റിയയും, നാല് വയസുകാരന്‍ റിയോണും ആണ് മക്കൾ.
ടിനിയുടെ അപ്രതീക്ഷിത മരണവിവരമറിഞ്ഞ് ലീമെറിക്ക് മേഖലയിലെ നിരവധി മലയാളികള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ആശുപത്രി ചാപ്പലില്‍ പരേതയുടെ ആത്മശാന്തിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ശുശ്രൂഷ നടത്തപ്പെട്ടു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി സുഹൃത്തുക്കൾ അറിയിക്കുന്നു.
Leave a Reply