‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും.’ തന്നെ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന സൈബർ പോരാളികളോട് നടൻ ടിനി ടോം പറയുന്നതിങ്ങനെയാണ്. കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെ ധർമജനെ അനുകൂലിച്ച് ടിനി ടോം നടത്തിയ പ്രസ്ഥാവനയും ഇടത് സൈബർ ഗ്രൂപ്പുകൾക്ക് അത്ര ഇഷ്ടമായിരുന്നില്ല.
താരസംഘടനയായ അമ്മ അഞ്ച് കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയതെന്നും എന്നാല്‍ പണം എന്ത് ചെയ്‌തെന്ന് അന്വേഷിച്ചപ്പോള്‍ തൃപ്തികരമായ മറുപടി കിട്ടിയില്ലെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇതോടെ ടിനിക്കെതിരെ സൈബർ ആക്രമണമുണ്ടായി. അഞ്ചു കോടി നൽകിയിരുന്നില്ലെന്നും വെറും തള്ളാണിതെന്നും ആരോപിച്ച് പോസ്റ്റുകളും സജീവമായി. ഇതോടെയാണ് കൂടുതൽ പ്രതികരണവുമായി ടിനി രംഗത്തെത്തിയത്.
‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാൻ. വീടില്ലാത്തവർക്ക് വീട് ലഭിക്കണം. പല രീതിയിൽ ആളുകൾ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവർത്തനം ഇനിയും തുടരും.’–ടിനി ടോം പറഞ്ഞു.
Leave a Reply