തിരുവല്ല ബഥേല്‍പ്പടിയിലെ വൃദ്ധന്‍റെ ദുരൂഹമരണം കൊലപാതകമെന്ന് ബന്ധുക്കളും നാട്ടുകാരും. സംഭവത്തിന് പിന്നില്‍, മരിച്ചയാളുടെ സ്വന്തം മകനാണെന്നാണ് ഉയരുന്ന ആരോപണം. പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍പോലും സംബന്ധിക്കാത്ത മകനെതിരെ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. പൊലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടുന്ന നാട്ടുകാര്‍ ആക്ഷന്‍കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തിരുവല്ല ബഥേല്‍പ്പടി കരിഞ്ഞാലിക്കുളത്തില്‍ വീട്ടില്‍ വിമലന്‍ സ്വയം ജീവനൊടുക്കിയെന്ന് ഇപ്പോഴും ഈ നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ വിശ്വസിക്കാനാകുന്നില്ല. അതിന് കാരണങ്ങള്‍ പലതാണ് ഇവര്‍ നിരത്തുന്നത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് അറുപത്തിയെട്ടുകാരനായ വിമലനെ സ്വന്തം വീട്ടിലെ കിണറിനുള്ളില്‍, മരിച്ചനിലയില്‍ കണ്ടെത്തിയത്. കിണറിന്‍റെ തൂണിനോട്ചേര്‍ന്ന്, സ്വന്തം ലുങ്കിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. എന്നാല്‍, സംശയങ്ങള്‍ നിരവധി ബാക്കിയാക്കുന്ന, ഒരു ദുരൂഹമരണമായി അവശേഷിക്കുകയാണിത്. സംഭവം ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഉയരുന്ന ആരോപണം. വീട്ടില്‍നിന്ന് മാറിതാമസിക്കുന്ന മകന്‍ വിബിനാണ് പിന്നിലെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. നേരത്തെ, വിദേശത്തായിരുന്ന സമയത്ത് വിബിന്‍, സഹോദരിയുടെ കല്യാണത്തിനും, വീട്ടുചെലവിനുമായി അയച്ചുകൊടുത്ത പണം മുഴുവന്‍ തിരികെവേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി വിബിന്‍റെ അമ്മ പറഞ്ഞു. എന്നാല്‍ അത് നല്‍കാനാകാത്തതില്‍ മാതാപിതാക്കളോട് മകന്‍ വൈരാഗ്യം കാട്ടിയിരുന്നു. പ്രത്യേകിച്ച് മാതാവിനോട്. മുന്‍പ് പലതവണ മകന്‍ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും, പ്രാണഭയത്താല്‍ സംഭവദിവസം അയല്‍വീട്ടിലാണ് ഉറങ്ങിയതെന്നും അവര്‍ വ്യക്തമാക്കുന്നു. തന്നെ തേടിയെത്തിയ മകന്‍ സ്വന്തംപിതാവിനെ വകവരുത്തിയതാണെന്ന് ഈ അമ്മ ഉറച്ചുവിശ്വസിക്കുന്നു.
സമാനമാണ് മറ്റുളളവരുടേയും പ്രതികരണം. ബഥേല്‍പ്പടിയില്‍ വിമലന്‍ വര്‍ഷങ്ങളായിനടത്തുന്ന കടയിലേക്ക് തലേദിവസം വില്‍പനയ്ക്കായി സാധനങ്ങള്‍വാങ്ങി വച്ചിട്ട് അന്നുരാത്രി എങ്ങനെ ജീവനൊടുക്കും?. ആരുമില്ലെങ്കിലും മറ്റ് രണ്ട് പെണ്‍മക്കള്‍ക്ക് താനുണ്ടാകുമെന്ന് ഇടയ്ക്കിടെ പറഞ്ഞിരുന്ന വിമലന്‍ ഒറ്റരാത്രികൊണ്ട് ജീവിതം അവസാനിപ്പാക്കാന്‍ തയ്യാറാകുമോ? കിണറിന്‍റെ തൂണില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൂടിയായി ഇരുമ്പുവല ഉപയോഗിച്ചിരുന്നെങ്കിലും മൃതദേഹം കണ്ടെത്തുമ്പോള്‍ അത് മാറ്റിയിരുന്നില്ല. ഇരുമ്പുവലയില്‍ ദ്വാരമുളള ഭാഗത്തുകൂടി ഇറങ്ങി വശത്തേക്ക് മാറി, കഴുത്തില്‍ കുരുക്കിടാന്‍ അറുപത്തിയെട്ടുകാരനായ വിമലന് സാധിക്കില്ലെന്നും ബന്ധുക്കള്‍പറയുന്നു.
പിതാവ് മരിച്ച് ദിവസങ്ങള്‍പിന്നിട്ടിട്ടും വീട്ടിലെത്താന്‍ വിബിന്‍ കൂട്ടാക്കിയിട്ടില്ല. ഇതും സംശയത്തിന് കാരണമാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെടുന്ന വീട്ടുകാര്‍ക്കൊപ്പം, ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് നാട്ടുകാരും ഒപ്പമുണ്ട്. വിമലന്‍റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി കാട്ടിയുളള പരാതിക്കുമേല്‍ കാര്യമായ അന്വേഷണം നടക്കുന്നില്ലെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പൊലിസെന്നും അവര്‍ ആരോപിക്കുന്നു.
Leave a Reply