തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും മൃഗീയമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ യുവതിയുടെ കുടുംബചരിത്രം സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ളത്. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇപ്പോള്‍ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് അരുണിന്റെ കാമുകിയായ യുവതിയുടെ പിതാവ്. സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ഇയാള്‍ നിലവില്‍ ബെംഗളൂരുവിലാണ് താമസം. ഇപ്പോള്‍ സ്വന്തം പേരക്കുട്ടികള്‍ ആക്രമണത്തിന് ഇരയായെങ്കിലും ഇയാള്‍ കേരളത്തിലെത്തിയിട്ടില്ല.

ഭര്‍ത്താവായ ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ സംശയനിഴലിലുള്ള യുവതിയുടെ ജീവിതവും അച്ഛനായ സംവിധായകന്‍ കുഞ്ചാക്കോ ബോബനെയും വിനീതിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത സിനിമയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നയാളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോള്‍ യുവതിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതും ഇതേ സംഭവം തന്നെ.

ചെറുപ്പത്തില്‍ സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട് ഈ യുവതി. ബിജുവിനെ വിവാഹം കഴിച്ചശേഷം അഭിനയത്തില്‍ കാര്യമായ ശ്രദ്ധ കാണിച്ചിട്ടില്ല. അതേസമയം ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നതില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള സാധ്യതകള്‍ പോലീസ് നോക്കുന്നുണ്ട്.

ഒരു അസുഖവും ഇല്ലാതിരുന്ന ബിജു മരിച്ചതില്‍ തങ്ങള്‍ക്ക് സംശയം തോന്നിച്ചിരുന്നതായി തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്‍. അത്രയുംകാലം വീട്ടില്‍ പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് യുവതി കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു  പറയുന്നു.

മേയ് 23ന് രാവിലെ 10.30ഓടെയാണ് ഇളയകുട്ടി വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്. അച്ഛന്‍ ഛര്‍ദിച്ചെന്നും അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് പറഞ്ഞത്. ഞങ്ങള്‍ മരുമകളെ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് ബിജു മരിച്ചെന്ന് അവള്‍ വിളിച്ചുപറയുന്നത്. സമീപത്തുള്ള പൊന്നപ്പന്‍ എന്നൊരാളുടെ വാഹനത്തിലാണ് ബിജുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവളുടെ മടിയില്‍ തലവച്ചാണ് ബിജു കിടന്നിരുന്നത്.

അന്ന് രാത്രി ഒന്‍പതുവരെ ബിജുവിന്റെ മൃതദേഹം ഉടുമ്പന്നൂരിലെ ഭാര്യവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീടാണ് തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുമ്പു മാധ്യമങ്ങളില്‍ നിന്ന് വന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു വെളിപ്പെടുത്തലും ബാബു നടത്തുന്നു. ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല. നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടില്‍ അടക്കം ചെയ്യുകയാണ് ചെയ്തത്. ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നതിനടക്കം സാധിക്കും.

സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേദിവസം അരുണ്‍ വീട്ടിലെത്തിയിരുന്നു. അവിടെവച്ച് ബന്ധുക്കളില്‍ ചിലരോട് അവളെ സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നു. അവള്‍ക്കും അതിനു താല്പര്യമായിരുന്നു.

പത്തുവര്‍ഷം ഒന്നിച്ചു താമസിച്ച ഭര്‍ത്താവ് മരിച്ച് ചിതയുടെ ചൂടാറുമുമ്പേ അവള്‍ അങ്ങനെ പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു. ഗുണ്ടയായ അരുണിനെ വിവാഹം കഴിക്കരുതെന്ന് ഞങ്ങള്‍ പലകുറി മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ അവള്‍ അടുത്തദിവസം തന്നെ മക്കളോടോപ്പം ഉടുമ്പന്നൂരിലേക്ക് തിരിച്ചുപോയി.

ബിജുവും കുടുംബവും ഇടയ്ക്ക് ആലുവയില്‍ കുടുംബസമേതം താമസിച്ചിരുന്നു. അവിടത്തെ ജോലി പോയതോടെയാണ് ഉടുമ്പന്നൂരിലെ ഭാര്യവീട്ടിലേക്ക് പോയത്. ടീച്ചറായിരുന്ന അമ്മായിയമ്മ തനിച്ചായതു കൊണ്ടാണ് അവിടെ പോയി നില്ക്കാന്‍ തീരുമാനിച്ചത്. തൊടുപുഴയില്‍ ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങുകയും ചെയ്തു.

അതു നല്ലരീതിയില്‍ പോകുന്നുണ്ടായിരുന്നു. സാമ്പത്തികമായി നല്ലനിലയിലായിരുന്നു ബിജു. എന്റെ മകന്‍ മരിച്ചശേഷം അവള്‍ ഞങ്ങളുമായി വലിയ അടുപ്പമില്ലായിരുന്നു. ഫോണ്‍വിളി പോലും മുറിഞ്ഞു. ഇടയ്ക്ക് അരുണിനൊപ്പം ഒളിച്ചോടിയകാര്യം ഞങ്ങളറിഞ്ഞിരുന്നു.

ഇപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. എല്ലാം അവനും അവളുംകൂടി മുന്‍കൂട്ടി നിശ്ചയിച്ചപോലെ നടപ്പിലാക്കിയ പദ്ധതിപോലെ തോന്നുന്നു. എന്റെ മകന്റേതായ എല്ലാം നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മക്കളെ രണ്ടുപേരെയും കൊല്ലാനുള്ള നീക്കമാണ് നടന്നത്. എല്ലാറ്റിനും അവളുടെ ഒത്താശയുണ്ടെന്ന കാര്യം ഉറപ്പാണ്.

കോലഞ്ചേരിയിലെ ആശുപത്രിയില്‍ വച്ച് അവളെ കണ്ടിരുന്നു. ഒന്നും സംസാരിച്ചില്ല. എന്റെ കൊച്ചുമക്കളെ ഇത്തരത്തിലാക്കിയവളോടു സംസാരിക്കാന്‍ താല്പര്യവുമില്ല. അവളുടെ അമ്മയോട് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. എന്റെ കൊച്ചുമക്കള്‍ക്ക് ആപത്തൊന്നും വരാതെ ഇനി നോക്കണം. മകന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരികയും വേണം- ഫോണിലൂടെ നല്കിയ അഭിമുഖത്തില്‍ ബാബു പറയുന്നു.