ജെയിംസ് കാമറൂണിന്റെ അവതാർ രണ്ടാം ഭാ​ഗത്തിൽ കേറ്റ് വിൻസലെറ്റും വേഷമിടുന്നു. അവതാറിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. 1997 ലെ പുറത്തിറങ്ങിയ ടെെറ്റാനികിന് ശേഷം ഇതാദ്യമായാണ് കാമറൂണും വിൻസ്ലറ്റും ഒന്നിക്കുന്നത്.

”23 വർഷത്തിന് ശേഷം കാമറൂണിനൊപ്പം ജോലി ചെയ്തതിന്റെ സന്തോഷത്തിലാണ് ഞാൻ. ചിത്രത്തിന് വേണ്ടി ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തി. വെള്ളത്തിനടിയിലായിരുന്നു ഭൂരിഭാ​ഗം ചിത്രീകരണം നടന്നത്. കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാനാകില്ല. നിങ്ങൾ കാത്തിരിക്കുക”- വിൻസലെറ്റ് ഒരഭിമുഖത്തിൽ പറഞ്ഞു.

അതേ സമയം അവതാറിന്റെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം അവസാനിച്ചു. മൂന്നാംഭാ​ഗത്തിന്റെ ചിത്രീകരണം 95 ശതമാനം പൂർത്തിയായി. ലോക്ക് ഡൗൺ പ്രതിസന്ധിക്കിടയിലും സിനിമയുടെ ചിത്രീകരണവുമായി കാമറൂൺ മൂന്നോട്ട് പോയിരുന്നു. ന്യൂസീലന്‍ഡായിരുന്നു പ്രധാന ലൊക്കേഷനുകളിലൊന്ന്. ന്യൂസീലന്‍ഡ്‌ പൂർണമായും കോവിഡ് വിമുക്തമായ ഘട്ടത്തിലായിരുന്നു കാമറൂണും സംഘവും അവിടേക്ക് തിരിച്ചത്. പിന്നീട് രാജ്യത്തത് കോവിഡ് രോ​ഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവെങ്കിലും അവതാർ ചിത്രീകരിക്കാനുള്ള അനുമതി ലഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിയത്. നാലര വർഷം കൊണ്ടാണ് ചിത്രം യാഥാർഥ്യമായത്.

അവതാർ 2ന്റെ കഥ പൂർണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചെലവ്. മൂന്നാം ഭാ​ഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കിൽ പിന്നീട് കഥ വികസിച്ചുവന്നപ്പോൾ നാല് ഭാഗങ്ങൾ കൂടി ചേർക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബർ 17 നും നാലാം ഭാഗം 2024 ഡിസംബർ 20നും അഞ്ചാം ഭാഗം 2025 ഡിസംബർ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോവിഡ് പടർന്ന സാഹചര്യത്തിൽ റിലീസുകൾ പ്രഖ്യാപിച്ച സമയത്ത് നടക്കാൻ സാധ്യതയുമില്ല. ലോകമൊട്ടാകെ റിലീസ് ചെയ്തെങ്കിൽ മാത്രമേ മുടക്ക്മുതൽ തിരിച്ചുപിടിക്കാനാകൂ.