ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- 1912 ഏപ്രിൽ 15…. അന്നായിരുന്നു ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന വിശേഷണത്തിന് അർഹമായ, അക്കാലത്തെ സാങ്കേതികതയുടെയും ആഡംബരത്തിന്റെയും അവസാനവാക്കെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ‘ടൈറ്റാനിക് ‘, അതിന്റെ കന്നി യാത്രയിൽ സമുദ്രത്തിന്റെ ആഴങ്ങളിൽ അകപ്പെട്ടത്. എന്നാൽ ടൈറ്റാനിക്ക് മുങ്ങി 112 വർഷങ്ങൾക്ക് ശേഷം, ഇന്നും ആളുകളെ കൗതപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് അതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇന്നും നടന്നു വരുന്ന പര്യവേഷണം.
112 വർഷം പഴക്കമുള്ള അവശിഷ്ടത്തിൻ്റെ നിയമപരമായ അവകാശങ്ങൾ കൈവശമുള്ള ജോർജിയ ആസ്ഥാനമായുള്ള ആർഎംഎസ് ടൈറ്റാനിക് ഇൻക്, 2010 ന് ശേഷമുള്ള ആദ്യ യാത്ര പൂർത്തിയാക്കി, പര്യവേഷണത്തിൽ നിന്നുള്ള ചിത്രങ്ങളാണ് തിങ്കളാഴ്ച പുറത്തുവിട്ടത്. ചിത്രങ്ങളോടൊപ്പം തന്നെ, കപ്പലിൽ ഉണ്ടായിരുന്ന പതിറ്റാണ്ടുകളായി നഷ്ടപ്പെട്ടെന്ന് കരുതിയ ഡയാന ഓഫ് വെർസൈൽസിന്റെ വെങ്കല പ്രതിമയും കണ്ടെത്തിയതായാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ ഉയർന്ന റെസല്യൂഷനോടു കൂടിയ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 1997 ലെ ജെയിംസ് കാമറൂൺ അനശ്വരമാക്കിയ ടൈറ്റാനിക് സിനിമയിൽ ജനമനസ്സുകളിൽ ഹൃദയം നേടിയ രംഗങ്ങളിൽ ഒന്നായ കപ്പലിന്റെ ബോ റെയിലിങ്ങിനും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കപ്പലിന്റെ അവശിഷ്ടങ്ങൾക്ക് കൂടുതൽ ജീർണത സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും, അതിനാൽ തന്നെ അത് കാത്തു സൂക്ഷിക്കേണ്ടത് ആവശ്യമാണെന്നും ആർഎംഎസ് ടൈറ്റാനിക്ക് ഡയറക്ടർ ഓഫ് കളക്ഷൻസ് ടോമാസിന റേ പറഞ്ഞു.
ഏകദേശം 20 ദിവസത്തോളം പര്യവേഷണ സംഘം സൈറ്റിൽ ചെലവഴിച്ചു. സൈറ്റിനെ കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് സംഘം അവശിഷ്ടങ്ങൾ പൂർണ്ണമായി മാപ്പ് ചെയ്തതായും ആർഎംഎസ് ടൈറ്റാനിക് പറഞ്ഞു. അടുത്തഘട്ടം ഡാറ്റ പ്രോസസ് ചെയ്യുക എന്നതാണെന്നും, ഇതിലൂടെ കൃത്യമായ വിവരങ്ങൾ ശാസ്ത്ര സമൂഹവുമായി പങ്കിടുവാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കണ്ടെത്തിയിരിക്കുന്ന വെങ്കല പ്രതിമ കപ്പലിലെ ഫസ്റ്റ് ക്ലാസ് ലൗഞ്ചിലെ ശ്രദ്ധാകേന്ദ്രം ആയിരുന്നു. കപ്പൽ മുങ്ങുന്നതിനിടെ ലോഞ്ച് തുറന്നതാണ് ഡയാനയുടെ പ്രതിമയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കാൻ കാരണമെന്ന് കമ്പനി അറിയിച്ചു. 1987 നു ശേഷമുള്ള കമ്പനിയുടെ ഒമ്പതാമത്തെ പര്യവേഷണ സന്ദർശനം ആയിരുന്നു ജൂലൈയിൽ നടന്നത്. അവശിഷ്ടങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിനും പുരാവസ്തുക്കൾ തിരിച്ചറിയുന്നതിനും നിലവിലുള്ള സംരക്ഷണ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനും സമുദ്ര ഇമേജിംഗ് വിദഗ്ധർ, സമുദ്രശാസ്ത്രജ്ഞർ, ചരിത്രകാരന്മാർ എന്നിവരുടെ ഒരു ടീമിനെ ആണ് പര്യവേഷണത്തിനായി കമ്പനി നിയോഗിച്ചത്.
Leave a Reply